വെണ്ട കൃഷി

വെണ്ടകൃഷിക്ക് ഏററവും അനുയോജ്യമായ കാലാവസ്ഥയാണ് കേരളത്തിലുള്ളത്.
ഒക്ടോബര്‍ - നവംബര്‍, ഫിബ്രുവരി - മാര്ച്ച് , ജൂണ്‍ - ജൂലയ് എന്നീ സമയങ്ങളില്‍ വെണ്ട കൃഷി ആരംഭിക്കാവുന്നതാണ്. നല്ല ഇനം വെണ്ടയുടെ വിത്തുകള്‍ തിരഞ്ഞെടുത്തു സൂഡോമോണസ് ലായനിയില്‍ കുതിര്‍ത്തു ഗ്രോ ബാഗിലോ ,മണ്ണിലോ നേരിട്ടു നടുക . വെണ്ട വിത്ത് മുളപ്പിച്ച് പറിച്ച് നടേണ്ട ചെടിയല്ല ..... വെണ്ട ചെടികൾക്ക് നല്ല സൂര്യപ്രകാശം കിട്ടുന്ന സ്ഥലം തിരഞ്ഞെടുക്കണം. നീർവാർച്ചയുള്ള മണ്ണും നനസൗകര്യവും പ്രധാനമാണ്.
നിലത്തു നടുകയാണെങ്കിൽ ചെടികൾ തമ്മിൽ 40–45 സെ മീറ്ററും വരികൾ തമ്മിൽ 60 സെ മീറ്ററും അകലം നൽകി നടണം. കേരളത്തിലെ മണ്ണിൽ അമ്ലതയേറിയതിനാൽ നടുന്ന സ്ഥലത്തെ മണ്ണിൽ 10 ദിവസത്തിനുമുൻപ് സെന്റ് ഒന്നിന് രണ്ടു കിലോഗ്രാം കുമ്മായം / ഡോളോമൈറ്റ് ചേർക്കണം. പത്ത് ദിവസത്തിന് ശേഷം വേപ്പിൻ പിണ്ണാക്കും , ചാണകപ്പൊടിയും അടിവളമായി ചേർത്ത് കൊടുക്കണം ഗ്രോബാഗുകളിലോ ചെടിച്ചട്ടിയിലോ കൃഷി ചെയ്യുകയാണെങ്കിൽ 10 ഗ്രാം കുമ്മായം വെള്ളത്തിൽ കലക്കി മണ്ണിൽ ഒഴിച്ചുകൊടുക്കുന്നതു നല്ലതാണ്.
വെണ്ടച്ചെടിക്ക് എല്ലുപൊടിയാകാം വിത്തു മുളച്ച് നാലാഴ്ചയ്ക്കുശേഷം 5–10 ഗ്രാം എല്ലുപൊടി തടത്തിൽ ചേർത്താൽ വെണ്ടച്ചെടികൾ കരുത്തോടെ വളരും. ജൈവവളങ്ങൾ 10 ദിവസം കൂടുമ്പോൾ മാറി മാറി ഇടന്നതു നല്ലതാണ്. വിത്തു നട്ട് 50 ദിവസമാകുന്നതോടെ വെണ്ടച്ചെടി പൂവിട്ട് കായ്ച്ചു തുടങ്ങും. ഇടയ്ക്കിടെ എഗ്ഗ് അമിനോ (Egg Amino) ആസിഡ് കൊടുക്കുന്നതും നല്ലതാണ്. 40 ദിവസത്തിന് ശേഷം കടല പിണ്ണാക്ക് പുളിപ്പിച്ച തെളിയും നേർപ്പിച്ച് കൊടുക്കുന്നത് നല്ലതാണ്.
വിത്തു നട്ട് പത്താം ദിവസം മുതൽ സ്യൂഡോമോണാസ് 20 ഗ്രാമെടുത്ത് ഒരു ലീറ്റർ വെള്ളത്തിൽ കലർത്തി ഇലകളുടെ രണ്ടു വശത്തും ഇലകളിലും തളിക്കണം. രണ്ടാഴ്ച കൂടുമ്പോൾ ഇത് ആവർത്തിക്കണം. സ്യൂഡോമോണാസ് ലായനി തടത്തിൽ ഒഴിച്ചു കൊടുക്കുന്നതും നല്ലതാണ്. ഇങ്ങനെ ചെയ്താൽ ഇലപ്പുള്ളി രോഗം വരില്ല.
ഇലപ്പരപ്പിൽ പ്രത്യക്ഷമായി കാണുന്ന തവിട്ടു നിറത്തിലുള്ള പുള്ളികൾ, ഇലയുടെ അടിഭാഗത്തു വരാൻ തുടങ്ങും. പുള്ളികളുടെ എണ്ണം കൂടും. ആ ഇലകൾ കരിഞ്ഞു പൊഴിയും – ഇതാണ് ഇലപ്പുള്ളി രോഗം.
വെണ്ടച്ചെടിക്ക് നരപ്പ് അഥവാ മഞ്ഞളിപ്പ് രോഗം വരാറുണ്ട്. ഇലകളുടെ ഞരമ്പുകൾ മഞ്ഞളിച്ചു തെളിഞ്ഞു വരുന്നതാണ് പ്രാരംഭ രോഗ ലക്ഷണം. പുതുതായി ഉണ്ടാകുന്ന ഇലകൾ പൂർണമായും മഞ്ഞളിക്കുകയും കുറുകിവരുന്നതായും കാണാം. പൂക്കളുടെ എണ്ണം കുറയും, കായ്കൾക്കു വലുപ്പം കുറയും. ഈ രോഗം പരത്തുന്ന വെള്ളീച്ചയെ നിയന്ത്രിക്കുന്നതിന് വേപ്പെണ്ണ, വെളുത്തുള്ളി, ബാർസോപ്പ് മിശ്രിതമോ, വേപ്പധിഷ്ഠിത ജൈവ കീടനാശിനിയോ 2 എംഎൽ – 5 എംഎൽ ഒരു ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ നേർപ്പിച്ചു രാവിലെയോ വൈകുന്നേരമോ തളിച്ചുകൊടുത്താൽ മതി.