top of page

കോവയ്ക്ക കൃഷി

കോവയ്ക്ക കൃഷി

കോവയ്ക്ക ഉള്ള ഇടത്തില്‍ ഐശ്വര്യം ചുമ്മാ വന്നു കയറും എന്നാണ് പ്രമാണം.

നമ്മൾ മലയാളികൾക്ക്‌ വളരെ സുപരിചിതമായ ഒരു പച്ചക്കറി വിഭവങ്ങളിലൊന്നാണ്‌ കോവയ്ക്ക. വെള്ളരി വർഗത്തിലെ ദീർഘകാല വിളയായ കോവയ്ക്ക ഉണ്ടാവുന്ന ഒരു വള്ളിച്ചെടിയാണ്‌ കോവൽ. പച്ചക്കറി കൃഷി ആരംഭിക്കാൻ താൽപര്യം ഉള്ള ഒരാൾക്ക്‌ ഏറ്റവും ആദ്യം തിരഞ്ഞെടുക്കാവുന്നതും, ഏറ്റവും എളുപ്പവും ലളിതവും ആണ്‌ കോവൽ കൃഷിയും അതിന്റെ പരിപാലനവും. ക്യുക്കർ ബിറ്റേയ്സി എന്ന സസ്യ കുടുംബത്തിൽപ്പെട്ട കോവൽ ഭാരതീയനാണ്‌. തമിഴിൽ കോവൈയെന്നും കന്നടയിൽ സോൻവയെന്നും ബംഗാളിയിൽ കുണ്ടുരിയെന്നും ഹിന്ദിയിൽ പരവൽ എന്നും സംസ്കൃതത്തിൽ മധുശമനി എന്നും അറിയപ്പെടുന്നു. ഏതു കാലാവസ്ഥയിലും ചെയ്യാവുന്ന ആദായകരമായ കൃഷിയാണിത്‌.

തടിച്ച വേരും മൃദുവായ തണ്ടുമാണ്‌ ഇതിനുള്ളത്‌. തണ്ടിന്റെ ഉപരിതലം പരുപരുത്തതും ചെറിയ വേരുകൾ നിറഞ്ഞതുമാണ്‌. വളഞ്ഞു പുളഞ്ഞാണിന്റെ വളർച്ച. വെളുപ്പുനിറമുള്ള പുഷ്പമാണിതിന്‌. പുറത്തെ ദളപുടം കുഴൽ രൂപത്തിലാണെങ്കിൽ അഗ്രം വിടർന്ന രൂപത്തിലാണിവ. കായകൾ ഉരുണ്ട്‌ ഒന്നരമുതൽ രണ്ട്‌ ഇഞ്ച്‌ വരെ നീണ്ടതും മിനുസമാർന്നതും വെള്ളരിക്കാപോലെ പച്ചവരകളുള്ളതുമായിരിക്കും. വള്ളി പടർത്തി പന്തലുകെട്ടി പരിചരിക്കേണ്ടതിനാലാണ്‌ എല്ലാവരും കോവൽകൃഷി ചെയ്യാൻ മടിക്കുന്നത്‌. നാം ഉദ്യാനത്തിലും മട്ടുപ്പാവിലും കൃഷി ചെയ്യാൻ എടുക്കുന്നതിന്റെ പകുതി ചെലവും പരിശ്രമവും മതി പോഷക സമ്പുഷ്ടമായ കായ്കൾ തരുന്ന ഒരു കോവൽ പന്തൽ ഉണ്ടാക്കാൻ. നല്ലനീർവാർച്ചയുള്ള മണ്ണിലും മട്ടുപ്പാവിലാണെങ്കിൽ ചാക്കിലും ചെടിച്ചട്ടിയിലും കോവൽ വളർത്താം. നല്ലവളക്കൂറുള്ള മണ്ണാണെങ്കിൽ കൃത്യമായ പരിചരണം കിട്ടിയാൽ കോവൽ വള്ളികൾ 60 മുതൽ 75 ദിവസം കൊണ്ട്‌ കായ്ക്കും.

തൈ തയ്യാറാക്കലാണ്‌ കോവൽ കൃഷിയിൽ ശ്രദ്ധിക്കേണ്ടത്‌. ഗാർഹിക കൃഷിയാണെങ്കിൽ ചെറിയ കവറുകളിൽ ആദ്യം വേരു പിടിപ്പിച്ച ശേഷമാണ്‌ മാറ്റി നടേണ്ടത്‌. ഉണക്കച്ചാണകപ്പൊടി, മണൽ, മേൽമണ്ണ്‌ എന്നിവ സമം ചേർത്ത്‌ ഉണക്കി ചെറിയ പോളിത്തീൻ കവറിൽ മുക്കാൽ ഭാഗം നിറച്ചു നടീൽ മിശ്രിതം തയ്യാറാക്കാം. നല്ല കായ്കൾ കിട്ടുന്ന മൂത്ത വള്ളികളിൽ നിന്നാണ്‌ നടീൽ വള്ളികൾ ശേഖരിക്കേണ്ടത്‌. നാല്‌ മുട്ടുകളുള്ള വള്ളിയാണ്‌ നടിലിനായി മുറിക്കേണ്ടത്‌. മുക്കാൽഭാഗം മിശ്രിതം നിറച്ച പ്ലാസ്റ്റിക്‌ കവറിൽ പാത്രത്തിൽ രണ്ട്‌ മുട്ടുകൾ താഴുന്ന രീതിയിലാണ്‌ വള്ളി കുത്തേണ്ടത്‌. വള്ളികുത്തുമ്പോൾ മൂടും തലയും മാറിപ്പോകരുത്‌. എന്നിട്ട്‌ ഇവ തണലിൽ സൂക്ഷിക്കണം. ആവശ്യത്തിനുമാത്രമേ നനയ്ക്കാൻ പാടുള്ളു. നാമ്പുകൾ വന്ന്‌ കഴിഞ്ഞാൽ 20 മുതൽ 25 ദിവസം കൊണ്ട്‌ മാറ്റിനടാം. ഓരോ വള്ളിയും മാറ്റിനടാൻ ഓരോ കുഴിയൊരുക്കണം. മൂന്നടിവീതിയും നീളവും മൂന്നടി താഴ്ചയുമുള്ള കുഴിയാണ്‌ തിരഞ്ഞെടുക്കേണ്ടത്‌. നാലുചട്ടി മേൽമണ്ണ്‌ ഒരു ചട്ടി മണൽ, അരക്കിലോ കുമ്മായം, 250ഗ്രാം വേപ്പിൻ പിണ്ണാക്ക്‌ എന്നിവ ചേർത്ത്‌ കലർത്തിയ മിശ്രിതമാണ്‌ കുഴികളിൽ നിറയ്ക്കേണ്ടത്‌. ഇത്‌ വള്ളി നടുന്നതിന്‌ മൂന്നു ദിവസം മുമ്പ്‌ തയ്യാറാക്കി കുഴിയിൽ ഇടുന്നതാണ്‌ നല്ലത്‌. ഇതിനോടുകൂടെ രണ്ടുചട്ടി ഉണക്കചാണകവും ചേർക്കാൻ മറന്നു പോകരുത്‌. വേരു പിടിച്ചാൽ ഒരാഴ്ചയ്ക്കകം വള്ളി പടർന്നു തുടങ്ങും അപ്പോൾ പന്തൽ തയ്യാറാക്കി വള്ളി കയറ്റി വിടണം. 

മട്ടുപ്പാവിലാണ്‌ കൃഷി ചെയ്യുന്നതെങ്കിൽ ചാക്കായാലും ഗ്രോബാഗായാലും അൽപം വലുതാണ്‌ നല്ലത്‌. ഇതിലേക്ക്‌ നടീൽ മിശ്രിതം നിറച്ച്‌ മാറ്റി നടാം. വള്ളികൾ പന്തലിൽ കയറ്റി വിട്ടാൽ മേൽ വളപ്രയോഗങ്ങൾ നടത്താം. കടലപ്പിണ്ണാക്ക്‌ പുതർത്തി ഒരു കിലോയിൽ പത്ത്‌ ലിറ്റർ ചാണകവെള്ളം ചേർത്ത്‌ നേർപ്പിച്ചത്‌, വെർമിവാഷ്‌, ഗോമൂത്രം ഒരു ലിറ്റർ പത്ത്‌ ലിറ്റർ വെള്ളത്തിൽ കലക്കി രണ്ടാഴ്ചയ്ക്കൊരിക്കൽ തടത്തിലൊഴിച്ച്‌ കൊടുക്കാം. മാസത്തിൽ കുറഞ്ഞത്‌ മൂന്ന്‌ തവണയെങ്കിലും ചുവട്‌ നന്നായി ഇളക്കിക്കൊടുക്കണം. മാസത്തിലൊരിക്കൽ ഉണങ്ങിയ ചാണകപ്പൊടി, ചാരം, എല്ലുപൊടിയെന്നിവ ചുവടിന്‌ (ചാരം 500ഗ്രം, ചാണകപ്പൊടി രണ്ട്‌ കിലോ, എല്ലു പൊടി 500 ഗ്രം) എന്നിങ്ങനെ ചേർത്ത്‌ കൊടുക്കാം. 45 മുതൽ 65 ദിവസത്തിനുള്ളിൽ കോവൽ പന്തൽ നന്നായി പൂക്കുകയും കായ്പിടിക്കാൻ തുടങ്ങുകയും ചെയ്യും. ഇടയ്ക്ക്‌ ആവശ്യത്തിന്‌ നനയും നൽകിയാൽ നിറയെ കോവയ്ക്കയാൽ പന്തൽ നിറയും. നന്നായി മൂത്തകായ്കളാണ്‌ ഭക്ഷ്യയോഗ്യം. ഇളം കായ്കൾ പറിച്ച്‌ പച്ചയ്ക്ക്‌ തിന്നാനും നല്ലതാണ്‌.

പച്ചക്കറിയെന്നതിലുപരി ആരോഗ്യസംരക്ഷണത്തിനും കോവക്കയെ പ്രയോജനപ്പെടുത്താനാകും. കോവയ്ക്കയെ അപൂർവ്വ ഔഷധങ്ങളുടെ കലവറയെന്നു തന്നെ വിശേഷിപ്പിക്കാം. കോവയ്ക്ക നിത്യവും ഉപയോഗിക്കുന്നത്‌ ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഹൃദയം, തലച്ചോറ്‌, വൃക്ക എന്നിവയുടെ ശരിയായ പ്രവർത്തനത്തിനും സഹായിക്കും, എന്നു മാത്രമല്ല ശരീര മാലിന്യങ്ങളെ നീക്കി ശരീരം സംരക്ഷിക്കുവാൻ കോവയ്ക്കക്കുള്ള കഴിവ്‌ ഒന്നു വേറെ തന്നെയാണ്‌. പ്രകൃതി ഒരുക്കിയിരിക്കുന്ന ഒരു ഇൻസുലിൻ കലവറയാണ്‌ കോവൽ. ഒരു പ്രമേഹ രോഗി എല്ലാദിവസവും ചുരുങ്ങിയത്‌ നൂറു ഗ്രാം കോവയ്ക്ക ഉപയോഗിക്കുകയാണെങ്കിൽ ഇൻസുലിൻ തന്നെ ഒഴിവാക്കാം. പാൻക്രീയാസിലെ ബീറ്റാ കോശങ്ങളെ ഉത്തേജിപ്പിച്ച്‌ കൂടുതൽ ഇൻസുലിൻ ഉൽപാദിപ്പിക്കുവാനും നശിച്ചുകൊണ്ടിരുക്കുന്ന കോശങ്ങളെ പുനരുദ്ധരിക്കാനും കോവലിനു കഴിയുമെന്ന്‌ ശാസ്ത്രം പറയുന്നു. കോവയ്ക്ക ഉണക്കിപൊടിച്ച്‌ പത്തു ഗ്രാം വീതം ദിവസവും രണ്ടു നേരം കഴിച്ചാലും ഇതേ ഫലസിദ്ധി ഉണ്ടാകുമത്രേ. കോവയ്ക്കയുടെ ഇല വേവിച്ച്‌ ഉണക്കി പൊടിയാക്കുക. ഈ പൊടി ദിവസവും മൂന്നു നേരം ചൂടുവെള്ളത്തിൽ കലക്കി കഴിക്കുകയാണെങ്കിൽ സോറിയാസിസിനും ശമനം ലഭിക്കും.