top of page

കുമ്പളം കൃഷി

കുമ്പളം കൃഷി

കീടബാധ കുറഞ്ഞതും, മെച്ചപ്പെട്ട വിളവ് ഉറപ്പിക്കാൻ സാധിക്കുന്നതുമായ നല്ലൊരു വിളയാണ് കുമ്പളം. വർഷം മുഴുവൻ കൃഷി ചെയ്യാൻ കഴിയുമെന്ന്തും, വിളവെടുത്ത് കഴിഞ്ഞാലും ഒരു വർഷത്തോളം കേട് കൂടാതെ സൂക്ഷിച്ചു വെക്കാം എന്നതും ഈ വിളയുടെ പ്രത്യേകത ആണ്. സാധാരണ വേനൽക്കാലം നിലത്ത് പടർത്തിയും മഴക്കാലം മരത്തിലോ പന്തലിലോ പടർത്തിയും കൃഷി ചെയ്യാം. 

സാധാരണയായി കൃഷി ചെയ്യാറുള്ളത് കെ എ യൂ ലോക്കൽ എന്ന ഇനവും, അധികം വലുപ്പം വെക്കാത്തതും എണ്ണം കൂടുതൽ കിട്ടുന്നതുമായ നെയ്യ്കുമ്പളം, മരുന്ന് കുമ്പളം എന്നൊക്ക വിളിക്കുന്ന നാടൻ ഇനവും, ഇളം പച്ച നിറത്തിൽ നീളമുള്ളതും വണ്ണം കുറഞ്ഞതുമായ കായ ലഭിക്കുന്ന ഒരു ഇനവുമാണ്. 

നടീൽ രീതി : 

2-3അടി വീതിയിൽ തടമെടുത്ത്, കുമ്മായം /ഡോളോമൈറ്റ് വിതറി, അടിവളം ആയി ചാണകപൊടി, എല്ല് പൊടി, വേപ്പിൻ പിണ്ണാക്ക് ചേർത്ത് ഇളക്കി ചേർത്ത് നനക്കുന്നു. 5-6 മണിക്കൂർ കുതിർത്ത വിത്ത് ആണ് പാകുന്നത്. നാലില വരുമ്പോൾ ആദ്യ വളപ്രയോഗമായി വെണ്ണീർ (ചാരം ), കടല പിണ്ണാക്ക്,ചാണക പൊടി എന്നിവ നല്ലത് പോലെ മിക്സ്‌ ആക്കി ചെടിക്ക് ചുറ്റും മണ്ണിളക്കി ഇട്ട് കൊടുക്കണം. തുടർന്ന് രണ്ടു ദിവസം നല്ല നന കൊടുക്കുക. വള്ളി പടർന്ന് ഒരു മീറ്ററോളം നീളമാകുമ്പോൾ തടത്തിൽ വട്ടത്തിൽ ചുറ്റിവെച്ച് തലപ്പ് നുള്ളികൊടുക്കുന്നു. ഒത്തിരി പുതിയ ശാഖകൾ കിളിർത്ത് വരും. തുടർന്ന് പ്രധാന ശാഖയിലെ ഇലകൾ നുള്ളി കളഞ്ഞ് നേരത്തെ പറഞ്ഞ വള കൂട്ട് ഒരിക്കൽ കൂടി നൽകി, തടത്തിനുചുറ്റും കിളച്ച് മണ്ണേറ്റി തടം ചെറുതാക്കുന്നു. വള്ളി പടരാൻ ചുറ്റിലുമായി ഉണങ്ങിയ ഇലകൾ, ചുള്ളി കമ്പുകൾ എന്നിവ വിരിക്കുന്നത് നല്ലതാണ്. 

കീടബാധ കുറവാണെങ്കിലും ഇലകളിൽ ചാരം നേർമയായി വിതറുന്നത് നല്ലതാണ്. ഒന്നര മാസം ആകുമ്പോഴേക്ക് പൂവിട്ട് തുടങ്ങും. കുമ്പളം നട്ടാൽ ശരാശരി 4-5മാസം നിൽക്കുന്നതാണ്. ആഴ്ചയിലൊരിക്കൽ പച്ച ചാണക +കടല പിണ്ണാക്ക് +വേപ്പിൻ പിണ്ണാക്ക് +എല്ല് പൊടി +കഞ്ഞി വെള്ളം എന്നിവ ചേർത്ത് പുളിപ്പിച്ച സ്ലറി ഒഴിച്ച് കൊടുക്കാം. മാസത്തിൽ ഒരിക്കൽ കുമ്മായം /ഡോളോമൈറ്റ് മണ്ണിൽ ചേർത്ത് കൊടുക്കാം. ഇളം കായകൾ കടലാസ്, വലിയ ഇലകൾ എന്നിവ കൊണ്ട് പൊതിഞ്ഞ് സംരക്ഷിക്കാം. 

കായീച്ച കെണി ഉപയോഗിക്കുന്നതും നല്ലതാണ്. ഇത്രയുമായാൽ നല്ല വിളവ് ഉറപ്പ്. വിവിധ കറികളിലെ ഒഴിച്ച്കൂടാനാകാത്ത ചേരുവ ആണെന്നത് കൂടാതെ മധുര പലഹാരമായ ആഗ്രപേട ഉണ്ടാക്കുവാനും കൊണ്ടാട്ടം ഉണ്ടാക്കുവാനും കുമ്പളങ്ങ ഉപയോഗിക്കുന്നു. ഇലകൾകൊണ്ട് പോലും സ്വാദിഷ്ടമായ കറികൾ ഉണ്ടാക്കാമെന്നതും കുമ്പളത്തിന്റെ പ്രധാന്യം വർധിപ്പിക്കുന്നു.