top of page

കറിവേപ്പ്

കറിവേപ്പ്

കേരളീയർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതും എല്ലാ ഭക്ഷണത്തിലും ഉൾപ്പെടുത്തുന്നതുമായ ഒന്നാണ്കറിവേപ്പില. മുൻപൊക്കെ പുരയിടങ്ങളിൽ നാം കറിവേപ്പിന്റെ തൈകൾ നട്ടുവളർത്തുമായിരുന്നു. എന്നാലിപ്പോൾ പച്ചക്കറികളുടെ അവസ്ഥതെന്നയാണ് നിത്യോപയോഗ ഇലയായ കറിവേപ്പിലയ്ക്കും.

പച്ചക്കറിയിനങ്ങളിൽ ഏറ്റവും കൂടുതൽ മാരക കീടനാശിനികൾ അടങ്ങിയിരിക്കുന്നതാണ്നമ്മുടെ കറിവേപ്പില. ഒട്ടേറെ പരിശോധനകളിൽ ഇത് തെളിഞ്ഞതുകൊണ്ടുതന്നെ വീട്ടിൽ ഒരുകറിവേപ്പിലത്തൈ നടുവളർത്തേണ്ടത് ഇന്നിന്റെ ആവശ്യമായി മലയാളികൾ അംഗീകരിച്ചിരിക്കുന്നു. ഫ്ലാറ്റുകളിലുംവീടുകളിലും ചട്ടികളിലും ഗ്രോബാഗുകളിലും വീട്ടമ്മമാർ കറിവേപ്പില നട്ടുവളർത്താൻ തുടങ്ങിയിരിക്കുന്നു എന്നതുതന്നെ ശുഭോദർക്കമാണ്. കറിവേപ്പില തൈകൾ നടുന്നസമയത്തും വളർത്തുമ്പോളും ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അങ്ങനെ ചെയ്താൽ രണ്ടു തൈകളിൽ നിന്നുതന്നെ ഒരു അണുകുടുംബത്തിനുവേണ്ട കറിവേപ്പില പറിച്ചെടുക്കാം.

കൃഷിരീതി

പലരുടെയും പ്രശ്നം ആണ് കറിവേപ്പ് നട്ട് പിടിപ്പിക്കാൻ പറ്റുന്നില്ല എന്നത്. വേരിൽ നിന്നുണ്ടാകുന്ന തൈകൾ വളരാൻ ബുദ്ധിമുട്ടാണ് . രണ്ട് വർഷം കഴിഞ്ഞാലും നട്ട പോലെ ഇരിക്കും. പകരമായി കുരു മുളപ്പിച്ച് തൈ നടുക. മുളപ്പിച്ച് നടന്ന രീതി. 

വിത്തുകള്‍ വഴുവ്ഴുപ്പുള്ള തൊലി മാറ്റിയ ശേഷം അരിച്ച മണ്ണും .ചാണക പൊടിയും മണലും ചേര്‍ത്ത മിശ്രിതം കൂടകളില്‍ നിറച്ചു പാകാവുന്നതാണ്, 40 മുതൽ 60 ദിവസം എടുക്കും കുരു കിളിർക്കാൻ , അതിന് മുമ്പ് ഉപേക്ഷിച്ച് പോകരുത് . 

വീടുകളിൽ ഒന്നോ രണ്ടോ തൈകൾ ഗ്രോബാഗിലോ ചട്ടിയിലോ വെക്കുന്നവർ നഴ്സറികളിൽ നിന്ന് കരുത്തുള്ള തൈകൾ തിരഞ്ഞെടുത്താൽ മതി. വിത്ത്മുളച്ചുണ്ടാകുന്നതൈകളും വേരിൽ നിന്നു പൊട്ടുന്ന തൈകളും ഉപയോഗിക്കാറുണ്ട്. ചട്ടിയിലാണ് വളർത്തുന്നതെങ്കിൽ ചെടി വലുതാകുന്നതനുസരിച്ച് ചട്ടിമാറ്റി വലിയ പാത്രങ്ങളിലേക്ക് നട്ടുകൊടുക്കണം.

പുരയിടങ്ങളിൽ ചെടിനടാൻ കുഴിയെടുക്കുമ്പോൾ നല്ല നീർവാർച്ചയുള്ളിടത്തായിരിക്കണം. ഒരടി നീളവും വീതിയും ആഴവുമുള്ള കുഴിയായിരിക്കണം എടുക്കേണ്ടത്. കുഴിയിൽ കാലിവളം, മണൽ, മണ്ണ്, ഓരോ കുഴിക്കും 100ഗ്രാം വേപ്പിൻപിണ്ണാക്ക്, 50 ഗ്രാം കുമ്മായം എന്നിവ നന്നായി ഇളക്കിച്ചേർത്തതിനുശേഷം അതിൽ മുക്കാലടിയുള്ള പിള്ളക്കുഴിയടുത്ത് തൈ നടാവുന്നതാണ്.
വേനൽക്കാലത്താണ് നടുന്നതെങ്കിൽ ഒന്നിടവിട്ട ദിവസങ്ങളിൽനനച്ചുകൊടുക്കണം. വെള്ളം കെട്ടിനിൽക്കാത്ത സ്ഥലമായിരിക്കണം തൈ നടാൻ തിരഞ്ഞെടുക്കേണ്ടത്. സൂര്യപ്രകാശവും ലഭിക്കണം. ചെടി വളരുന്നതിനനുസരിച്ച് മൂന്നുമാസത്തിലൊരിക്കൽ മുരടിൽനിന്ന് ഒരടിവിട്ട് ചുവടുകിളച്ച് കാലിവളം ചേർത്തിളക്കിക്കൊടുക്കണം. നന്നായി നനച്ചും കൊടുക്കണം. കൊമ്പ് വലുതായിവരുമ്പോൾ കൊമ്പ് കോതിക്കൊടുക്കണം. എന്നാൽ കൂടുതൽ ചില്ലകൾ ഇടതൂർന്ന് വലുതായിവരും.

 ഒന്നര വർഷത്തേക്ക് ഇല പറിക്കരുത് .. അങ്ങനെ പറിച്ചാൽ വളരില്ല. കഞ്ഞി വെള്ളം പുളിച്ചത് , തൈര് എന്നിവ ഒഴിച്ച് കൊടുത്താൽ പെട്ടെന്ന് വളരും. ഇലയെടുക്കുമ്പോൾ കത്തി കൊണ്ട് കമ്പ് മുറിച്ച് എടുക്കുക ,അപ്പോൾ പുതിയ ശിഖരങ്ങൾ കിളിർക്കും അവിടെ. വിത്ത് ഉപയോഗിച്ച് ഉണ്ടാക്കുന്ന കറിവേപ്പിലയ്ക്കു സ്വാദും മണവും കൂടുതലാണ്.

കീടനാശിനിയും വളവുമായി കഞ്ഞിവെള്ളം

നമ്മൾ ദിവസവും വീട്ടിൽ നിന്ന് വെറുതേ ഒഴിവാക്കുന്ന കഞ്ഞിവെള്ളം കറിവേപ്പിലയുടെ കീടനാശിനിയായും വളക്കൂട്ടായും ഉപയോഗിക്കാം. ചട്ടികളിൽ നട്ട് ഒന്നോരണ്ടോ ഇലത്തൂമ്പുകൾ വന്നു കഴിഞ്ഞാൽ കഞ്ഞിവെള്ള പ്രയോഗം നടത്താം.

തലേ ദിവസത്തെ കഞ്ഞിവെള്ളമാണ് നാം കീടനാശിനിയായി ഉപയോഗിക്കേണ്ടത്. പുളിച്ച കഞ്ഞിവെള്ളത്തിൽ അല്പം വെളുത്തുള്ളി ചതച്ചിട്ടതിന് ശേഷം അല്പം വെള്ളം ചേർത്ത് നേർപ്പിച്ച് സ്പ്രേ ചെയ്തു കൊടുക്കാം. സൈലിഡ്എന്ന കീടവും നാരകവർഗവിളകളെ ബാധിക്കുന്ന ശലഭപ്പുഴുക്കളുമാണ് കറിവേപ്പിന് ബാധിക്കുന്ന കീടങ്ങൾ. കൂടാതെ തേയിലക്കൊതുകിന്റെ ആക്രണവും സാധാരണയായി കണ്ടുവരുന്നു. ചെടിയുടെ തണ്ടിലും ഇലയിലും വെളുത്ത പാടപോലെ പറ്റിക്കിടക്കുന്ന ഒരുതരം ഫംഗസ്സും ഇതിന്റെ ശത്രുവാണ്. ഇവയ്ക്കെല്ലാം കഞ്ഞിവെള്ള പ്രയോഗം നല്ലതാണ്.

കടലപ്പിണ്ണാക്കും കഞ്ഞിവെള്ളവും ചേർത്ത മിശ്രിതമാണ് കറിവേപ്പില തഴച്ചുവളരാൻ വളമായി നൽകേണ്ടത്. പുളിച്ച അര ബക്കറ്റ് കഞ്ഞിവെള്ളത്തിൽ അരക്കിലോ കടലപ്പിണ്ണാക്ക് വാങ്ങി പുതർത്തിയതിന് ശേഷം അത് നേർപ്പിച്ച് കറിവേപ്പിന്റെ മുരട്ടിൽ നിന്ന് വിട്ട് ഒഴിച്ചു നൽകാം.
ഇത് കൂടാതെ വേപ്പെണ്ണ എമെൽഷൻ, വേപ്പധിഷ്ഠിത കീടനാശിനികൾ എന്നിവ കറിവേപ്പിലയിലെ കീടബാധയ്ക്കും രോഗബാധയ്ക്കും ഉത്തമമാണ്. രാസകൃഷിയിൽ വളരെയധികം കടുത്ത രാസവസ്തുക്കൾ തന്നെയാണ് ഉപയോഗിക്കുന്നത്. മേട്ടുപ്പാളയം ഭാഗങ്ങളിലും തമിഴ് നാടിന്റെ മറ്റുപല ഭാഗങ്ങളിലും നിരോധിച്ച എൻഡോസൾഫാൻ വരെ തളിക്കുന്നുണ്ട്. പറിച്ചെടുത്താലും കുറേക്കാലം ഫ്രഷായി നിൽക്കാൻവേണ്ടി വിളവെടുപ്പിന്റെ സമയത്തും കീടനാശിനി തളിക്കുന്നതിനാലാണ് പചച്ചക്കറികളിൽ ഏറ്റവും കൂടുതൽ കീടനാശിനി വിഷാംശം നിലനിൽക്കുന്നയിനമായി കറിവേപ്പിലമാറുന്നത്.

കറിവേപ്പിലയുടെ ഔഷധഗുണങ്ങള്‍:

വിറ്റാമിന്‍ എ യുടെ കലവറയായ കറിവേപ്പില നമ്മുടെ ശരീരത്തിന് ഏറ്റവും അധികം ഗുണം ചെയ്യുന്ന ഇലയാണ്
ആവശ്യം കഴിഞ്ഞ് വലിച്ചെറിയുന്നതിനെ കറിവേപ്പില എന്നാണ് പൊതുവെ മലയാളികള്‍ വിശേഷിപ്പിക്കാറുള്ളത്. കാരണം കറിവേപ്പിലയില്ലാത്ത കറികള്‍ക്ക് രുചി കുറയുമെങ്കിലും ആവശ്യം കഴിഞ്ഞാല്‍ അത് പിന്നെ എടുത്തുകളയുകയാണ് പതിവ്. എന്നാല്‍ ഇങ്ങിനെ വലിച്ചെറിയേണ്ട ഇലയല്ല എന്ന് കറിവേപ്പിലയുടെ ഔഷധഗുണങ്ങള്‍ കേട്ടാല്‍ മനസിലാകും. വിറ്റാമിന്‍ എ യുടെ കലവറയായ കറിവേപ്പില നമ്മുടെ ശരീരത്തിന് ഏറ്റവും അധികം ഗുണം ചെയ്യുന്ന ഇലയാണ്.

കറിവേപ്പില എണ്ണ കാച്ചി തേക്കുന്നത് മുടി കൊഴിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കുന്നു. അതിലുപരി തലയോട്ടിയിലെ മൃതകോശങ്ങളെ ഇല്ലാതാക്കി ആരോഗ്യമുള്ള തലയോട്ടി നല്‍കുകയും ചെയ്യുന്നു. കറിവേപ്പിലയുടെ ഉപയോഗം തലയോട്ടിയിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു. ഇത് മുടിയുടെ വേരുകള്‍ക്ക് ബലം നല്‍കുകയും ആരോഗ്യമുള്ള മുടി ഉണ്ടാവാന്‍ സഹായിക്കുകയും ചെയ്യുന്നു. അകാല നരയെ പ്രതിരോധിക്കാനും ഏറ്റവും ഫലപ്രദമായ വഴിയാണ് കറിവേപ്പില. കറിവേപ്പിലയിട്ട് എണ്ണ കാച്ചി തലയില്‍ തേച്ചാല്‍ അത് അകാല നരക്ക് പ്രതിരോധം തീര്‍ക്കുന്നു.
മാത്രമല്ല ശരീരത്തിലെ അന്നജത്തെ വിഘടിപ്പിക്കുന്ന ആൽഫ അമയ്‍ലേസ് എൻസൈമിന്റെ ഉൽപ‌ാദനത്തെ സഹായിക്കുന്ന ഘടകങ്ങൾ കറിവേപ്പിലയിൽ അടങ്ങിയിട്ടുണ്ട് എന്ന് പഠനങ്ങൾ പറയുന്നു. അതുകൊണ്ട് പ്രമേഹത്തെ കറിവേപ്പില കൊണ്ട് നിയന്ത്രിക്കാം എന്ന് ശാസ്ത്രലേകം കരുതുന്നു. കൊളസ്ട്രോൾ നിയന്ത്രിക്കാനും കറിവേപ്പിലയ്ക്ക് ആവും എന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രത്യേകതരം അലർജികൾ, വ്രണങ്ങൾ എന്നിവയ്ക്ക് കറിവേപ്പ‌് ഇലകൾ ഫലം കണ്ടിട്ടുണ്ട്. ചൂടുകുരു, മറ്റ് ത്വക്ക് രോഗങ്ങൾ എന്നിവ പ്രതിരോധിക്കാനും ഇവയ്ക്ക് കഴിവുണ്ട്.

പ്രമേഹ ബാധിതര്‍ക്ക് കറിവേപ്പില ചേര്‍ത്ത ഭക്ഷണം ശീലമാക്കുന്നത് ആരോഗ്യ ജീവിതം ഗുണപ്രദമാക്കും. ഒരു പരിധിവരെ പ്രമേഹം നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഇതിലുള്ള ഹൈപ്പര്‍ ഗ്ലൈസമിക് പദാര്‍ത്ഥങ്ങളാണ് പ്രമേഹത്തെ തടയുന്നത്.

ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് കറിവേപ്പില. കറിവേപ്പില ജ്യൂസില്‍ നാരങ്ങാ നീരൊഴിച്ച് കഴിച്ചാല്‍ ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. ദിവസവും കറിവേപ്പില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഹൃദയാരോഗ്യം വര്‍ധിപ്പിക്കുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നു. ദിവസേന കറിവേപ്പില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി കഴിച്ചാല്‍ കാഴ്ച ശക്തി വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും സമ്മര്‍ദ്ദം കുറയ്ക്കാനും കറിവേപ്പില സഹായിക്കുന്നു.