top of page

ചീര കൃഷി

ചീര കൃഷി

ജൂണ്, ജൂലായ്, ഒക്ടോബര്‍, നവംബര്‍ മാസങ്ങളാണ് കൃഷിക്ക് ഉത്തമം. നനയ്ക്കാന്‍ സൗകര്യമുണ്ടെങ്കില്‍ വേനല്‍ക്കാലത്തും ചീര കൃഷി ചെയ്യാം. കേരള കാര്‍ഷിക സര്‍വ്വകലാശാല വികസിപ്പിച്ച് പുറത്തിറക്കിയ വിവിധ ചീരയിനങ്ങളാണ് കണ്ണാറ ലോക്കല്‍, അരുണ്‍, മോഹിനി, കൃഷ്ണ ശ്രീ, രേണു ശ്രീ എന്നിവ . ഇതില്‍ കണ്ണാറ ലോക്കല്‍, അരുണ്‍ എന്നിവ ചുവന്നയിനമാണ്. നല്ല സൂര്യപ്രകാശം കിട്ടുന്ന തുറസ്സായ ഭാഗത്താണ് ചീരയുടെ വിത്തിടേണ്ടത് . കൃഷിയിടത്തില്‍ നേരിട്ട് വിത്ത് വിതറിയോ , നഴ്‌സറിയില്‍ വിത്തിട്ട് തൈകള്‍ തയ്യാറാക്കി പിഴുതു നട്ടോ ചീര വളര്‍ത്താം .

ചീര അടുക്കളത്തോട്ടത്തില്‍ ചാക്കിലും ചെടിച്ചട്ടിയിലുമായി നടാം . ടെറസ്സിലും കൃഷി ചെയ്യാം. നേരിട്ടു പാകുമ്പോള്‍ വിത്ത് കൂടുതല്‍ വേണ്ടി വരും . ഒന്നൊന്നര മീറ്റര്‍ വീതിയുള്ള തവാരണയുണ്ടാക്കി എട്ട്-പത്ത് സെന്റീമീറ്റര്‍ അകലത്തിലുള്ള വരികളിലായി ചീര വിത്തിടണം . ഒരു സെന്റിലേക്ക് അഞ്ച് ഗ്രാം ചീര വിത്തെങ്കിലും വേണം . വിത്ത് വിതറുമ്പോള്‍, മണല്‍ ചേര്‍ക്കണം. ഉറുമ്പു ശല്യം തീര്‍ക്കാന്‍ അരിപ്പൊടി , മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തി വിത്തിടണം. വിത്തിട്ട് ചപ്പിലയാല്‍ പുതയിടണം. രണ്ടു നേരവും നന നിര്‍ബന്ധമാണ്. വെള്ളം കെട്ടി നിന്ന് ചെടി ചീയാന്‍ ഇടവരരുത്. നാലഞ്ചില വന്നാല്‍ , അതായത് മൂന്നു നാലാഴ്ചയായാല്‍ ചെടി പിഴുത് നടണം . നന്നായി കിളച്ചിളക്കി പാകപ്പെടുത്തിയ സ്ഥലത്ത് 30 മുതല്‍ 40 സെ.മീറ്റര്‍ അകലത്തില്‍ ചെറിയ ചാലുകളുണ്ടാക്കി തൈ നടണം.

ചുവന്ന ചീരയും പച്ചച്ചീരയും ഇടകലര്‍ത്തി നട്ടാല്‍ രോഗബാധ കുറയും . ഓരോ ചാലിലെ വരികളിലെ തൈകള്‍ തമ്മില്‍ 20 സെ.മീറ്റര്‍ അകലമാവാം . തൈകള്‍ വെയിലാറി വൈകീട്ടാണ് നടേണ്ടത്. പാക്യജനകമടങ്ങിയ യൂറിയ പോലെയുള്ള വളങ്ങള്‍ ചീരയില്‍ വിളവു കൂട്ടും. എന്നാല്‍ ജൈവവളങ്ങള്‍ ചേര്‍ത്താലും നല്ല വിളവുറപ്പാണ്. ചീരക്കിടയിലെ കള നീക്കണം .

ഗോമൂത്രം , കപ്പലണ്ടി പിണ്ണാക്ക് ( നിലക്കടലപ്പിണ്ണാക്ക് ), വേപ്പിന്‍ പിണ്ണാക്ക് കാലിവളം , ആട്ടിന്‍ കാഷ്ഠം , മണ്ണിര വളം , മണ്ണിര ടോണിക്ക് (വെര്‍മി വാഷ് ) എന്നിവയും ചീരയ്ക്കു നല്ലതാണ് . ചീര വിളവെടുത്ത ശേഷം ഗോമൂത്രം , ചാണകം എന്നിവ പച്ച വെള്ളത്തില്‍ ചേര്‍ത്ത തെളി ചുവട്ടിലൊഴിക്കുന്നതും ചീരയില്‍ തളിക്കുന്നതും നല്ല വിളവു കിട്ടാന്‍ ഗുണം ചെയ്യും .

ചീരയില്‍ കൂടുകെട്ടി പുഴുക്കള്‍ രൂക്ഷമായാല്‍ ഇല നുള്ളി പുഴുക്കളെ നശിപ്പിക്കണം . ആക്രമണം രൂക്ഷമായാല്‍ മാലത്തയോണ്‍ ഒരു ശതമാനം വീര്യത്തില്‍ തളിക്കണം. പുള്ളിക്കുത്ത് രോഗത്തിനെതിരെ മുപ്പത്തിരണ്ട് ഗ്രാം മഞ്ഞള്‍ പൊടിയും ഏട്ട് ഗ്രാം ബാര്‍ സോപ്പ് ചീകിയതും വെള്ളത്തില്‍ ചേര്‍ത്ത് ഇലയില്‍ തളിക്കുക .