top of page

അടുക്കള തോട്ടം എപ്പോളും ചെലവ് കുറഞ്ഞതാകണം പല ജൈവകൃഷി സംഘങ്ങളും നഴ്‌സറികളും ജൈവകൃഷിക്ക് ഗ്രോബാഗുകള്‍ വിതരണം ചെയ്തു വരുന്നു. മുക്കാല്‍ കൊട്ടയില്‍ കുറവ് മണ്ണു മാത്രം കൊള്ളുന്ന ഗ്രോബാഗിന് സാധാരണയായി വിലയീടാക്കുന്നത് ഒന്നിന് 90 രൂപയ്ക്ക് മുകളിലേക്കാണ്. അതില്‍ പലതിലും ഉദ്ദേശിച്ച തരത്തില്‍ ജൈവ വളങ്ങളും മണലും ചകിരിച്ചോറും അടങ്ങിയിട്ടുണ്ടാവുമെന്ന ഉറപ്പിക്കാനുമാകില്ല.

കുറച്ച് മിനക്കെടാന്‍ മനസ്സുണ്ടെങ്കില്‍ ചിലവുകുറഞ്ഞ രീതിയില്‍ ഗ്രോബാഗ് നമുക്ക് തന്നെ തയ്യാറാക്കാം.ടെറസ്സിലെ കൃഷിക്ക് ചെടിച്ചട്ടികളേക്കാള്‍ ഗ്രോബാഗ് തന്നെയാണ് ഉത്തമം.എന്നാല്‍ പ്ലാസ്റ്റിക്ക് കവര്‍ അത്യവശ്യം വലുതിന് കുറഞ്ഞത് 20 – 25 രൂപ കൊടുക്കണം എന്നാല്‍, നാം ഉപയോഗിച്ചതിന് ശേഷം ഒഴിവാക്കുന്ന സിമന്റ് ചാക്ക്, വളത്തിന്റെ ചാക്ക്, അരി, പലവഞ്ജനങ്ങളുടെ ചാക്ക് എന്നിവ ഉപയോഗിച്ചാല്‍ നമുക്ക് പരമാവധി ചിലവ് കുറയ്ക്കാം.

ആദ്യമായി മണ്ണ് മിശ്രിതം തയ്യാറാക്കാം. മുപ്പത് കൊട്ട മണ്ണിന് കുറഞ്ഞത് പത്ത് കൊട്ടയെങ്കിലും മണല്‍ അല്ലെങ്കില്‍ ചകിരിച്ചോര്‍ എന്നിവ ചേര്‍ക്കണം മണല്‍, ചകിരിച്ചോറ് എന്നിവ കിട്ടിയില്ലെങ്കില്‍ ചാണകപ്പൊടി അളവ് അല്പം വര്‍ദ്ധിപ്പിച്ചാലും മതി. സാധാരണയായി 30 കൊട്ടമണ്ണിന് പത്തുകൊട്ട ചാണകപ്പൊടിയാണ് ചേര്‍ക്കാറ്. അതിനോടുകൂടെ അഞ്ച് കിലോ വേപ്പിന്‍ പിണ്ണാക്ക് പൊടിച്ചത്, അഞ്ച് കിലോ കുമ്മായം എന്നിവയും ചേര്‍ക്കണം ചാണകം 10 ഗ്രാം ട്രൈക്കോ സര്‍മ്മയോ ഒരു കിലോ സ്യൂഡോമോണഡോ ചേര്‍ത്തിളക്കി തണലില്‍ ഉണക്കിയത് ചേര്‍ത്താല്‍ ഉത്തമമാണ്. ചാണകപ്പൊടിക്ക് പകരം മണ്ണിരക്കമ്പോസ്‌റ്റോ ചകിരിച്ചോറ് കമ്പോസ്‌റ്റോ ചേര്‍ത്താലും മതി.

ഇങ്ങനെ തയ്യാറാക്കിയ മിശ്രിതം ചാക്കില്‍ നിറയ്ക്കാം അതിന് ചാക്ക് ഒരുക്കണം. അടി ഭാഗത്തെ രണ്ട് മൂലയും ഉള്ളിലേക്ക് മടക്കിയാണ് ചാക്ക് തയ്യാറാക്കേണ്ടത്. സിമന്റ് ചാക്കാണെങ്കില്‍ അത് വെള്ളത്തില്‍ നന്നായി കഴുകി ഉണക്കിയെടുക്കണം. മൂലകള്‍ ഉള്ളിലേക്ക് മടക്കി ചാക്കില്‍ അര ഭാഗത്തിന് അല്പം മുകളിയായി വരത്തക്കവിധം മിശ്രിതം നിറയ്ക്കണം. അതില്‍ കൂടരുത്. പിന്നീട് ജൈവവളങ്ങള്‍ മേല്‍ വളമായി ചേര്‍ക്കാനും പച്ചിലകള്‍ ചേത്ത് പുതയിടാനും പിന്നീട് മണ്ണ് കൂട്ടിക്കൊടുക്കാനും ചാക്കില്‍ സ്ഥല സൗകര്യം ഉണ്ടായിരിക്കണം.

ടെറസ്സിന് മുകളില്‍ ചാക്കുകള്‍ നിരത്തുന്പോള്‍ മുറികളുടെ ചുമരിന് മുകളിലായോ ബീമുകളുടെ മുകളിലായോ കൈവരികള്‍ക്ക് മുകളിലായോ ചാക്കുകള്‍ നിരത്തിവെയ്ക്കാം. ചാക്കുകള്‍ നേരിട്ട് ടെറസ്സില്‍ വെക്കാതിരിക്കുന്നതാണ് നല്ലത്. അടിയില്‍ ഇഷ്ടികയോ മരക്കട്ടയോ വെക്കാം. ടെറസ്സ് മുഴുവനും പ്ലാസ്റ്റിക്ക് ഷീറ്റ് വിരിച്ചാലും മതി. ടെറസ്സില്‍ ഈര്‍പ്പം കെട്ടി നില്‍ക്കാതിരിക്കാനും വെള്ളം ഇറ്റുവീണ് ചളി കെട്ടാതിരിക്കാനും ചാക്ക് ഉയര്‍ത്തി വെക്കുന്നത് സഹായിക്കും. ഭാരക്കുറവ്, തുച്ഛമായ വില, മണ്ണ് മിശ്രിതത്തില്‍ ഈര്‍പ്പം പിടിച്ച് നിര്‍ത്താനുള്ള കഴിവ് എന്നതാണ് പ്ലാസ്റ്റിക്ക് ചാക്കുകളുടെ ഗുണം.


മണ്ണ് മിശ്രിതം ചാക്കില്‍ നിറയ്ക്കുന്നതിന് മുന്പ് അതിലേക്ക് ചപ്പില കത്തിച്ച ചാരം അല്പം ചേര്‍ക്കുന്നത് പൊട്ടാഷിന്റെ കുറവ് നികത്തും. രണ്ട് മൂലകളും ഉള്ളിലേക്ക് തിരുകി വെച്ച ചാക്കിന്റെ അടിവശത്ത് രണ്ടോ മൂന്നോ ചകിരി മലര്‍ത്തിവെയ്ക്കുന്നത് ഈര്‍പ്പം കൂടുതല്‍ നേരം നിലനിര്‍ത്താന്‍ സഹായിക്കും.വീട്ടിലെ അടുക്കള വേസ്റ്റ് എന്നും ഒന്നോ രണ്ടോ ബാഗുകളുടെ തടത്തില്‍ അല്പം മണ്ണ് നീക്കി ഇട്ടു കൊടുക്കുന്നത് നല്ലതാണ് , മണ്ണ് മിശ്രിതം ചാക്കില്‍ നിറച്ചതിന് ശേഷം മുകളിലെ മണ്ണ് നന്നായി പൊടിയാക്കിയതിന് മുകളിലാണ് വിത്ത് നടേണ്ടത്.

അധികം കൃഷി സ്ഥലമില്ലാത്ത പട്ടണപ്രദേശങ്ങളില്‍ താമസിക്കുന്ന കുടുംബാംഗങ്ങള്‍ക്ക് ടെറസ്സിലെ കൃഷി അനുഗ്രഹമാണ്. കുറഞ്ഞ ചെലവില്‍ ഗ്രോബാഗ് തയ്യാറാക്കി ടെറസ്സിലെ കൃഷി നന്നായി ചെയ്യാം. വീട്ടിലെ ജൈവ മാലിന്യങ്ങള്‍ വളമാക്കാമെന്നതും ഒഴിവ് സമയങ്ങളില്‍ കുടുംബത്തിലെ ആര്‍ക്കും കൃഷിപ്പണികളില്‍ ഏര്‍പ്പെടാമെന്നതുമാണ് ഇതിന്റെ മറ്റൊരു വശം.

ചകിരിച്ചോര്‍, മണല്‍ എന്നിവയുടെ അഭാവത്തില്‍ മണ്ണും അല്പം കുമ്മായവും, വേപ്പിന്‍ പിണ്ണാക്കും മിശ്രിതമാക്കി ചാക്കില്‍ നിറച്ചാലും നമുക്ക് ചെലവുകുറഞ്ഞ ഗ്രോബാഗ് തയ്യാറാക്കാം.തുടര്‍ച്ചയായി മൂന്നോനാലോ പ്രാവശ്യം വിളവുകള്‍ നടാന്‍ ഒരേ ചാക്ക് മതിയാവും. ഓരോ പ്രാവശ്യവും ചെടികള്‍ നശിച്ചുകഴിഞ്ഞാല്‍ കുറച്ച് ജൈവവളമോ ചാണകപ്പൊടിയോ വേപ്പിന്‍പിണ്ണാക്കോ ചേര്‍ത്ത് മണ്ണ് ഇളക്കിപ്പൊടിയാക്കി വീണ്ടും വിത്ത് പാകാവുന്നതാണ്.

വീടിനോട് ചേര്‍ന്നുള്ള സ്ഥലമാണ് അടുക്കളത്തോട്ടത്തിന് ഏറ്റവും അനുയോജ്യം. ഓരോ ചെടിക്കും മികച്ച പരിചരണവും ശ്രദ്ധയും നല്‍കുന്നതിന് ഇതു സഹായിക്കും. അതിനാല്‍, വീടിനോടു ചേര്‍ന്നുള്ള സൂര്യപ്രകാശം നന്നായി ലഭിക്കുന്ന സ്ഥലം അടുക്കളത്തോട്ടത്തിനായി തിരഞ്ഞെടുക്കാം. സൂര്യപ്രകാശം കുറവാണെങ്കില്‍ ചെടികളുടെ വളര്‍ച്ചയും വിളവും കുറയും. അടുക്കളയുടെയും കുളിമുറിയുടെയും അടുത്തായാല്‍ ഇവിടങ്ങളില്‍നിന്ന് പുറത്തേക്കുവരുന്ന വെള്ളം പച്ചക്കറികള്‍ നനയ്ക്കാനായി എടുക്കാം എന്ന സൗകര്യമുണ്ട്. എന്നാല്‍ സോപ്പ്, ഡിറ്റര്‍ജന്‍റുകള്‍ എന്നിവ കലര്‍ന്ന വെള്ളം പച്ചക്കറികള്‍ നനയ്ക്കുന്നതിനായി ഉപയോഗിക്കരുത്.
നല്ല നീര്‍വാര്‍ച്ചയും, വളക്കൂറുമുള്ള മണ്ണാണ് അടുക്കളത്തോട്ടമൊരുക്കാന്‍ ഉചിതം. മണല്‍ കൂടുതലുണ്ടെങ്കില്‍ ധാരാളം ജൈവവളം ചേര്‍ത്തുകൊടുക്കുന്നത് നല്ലതാണ്.

തടമൊരുക്കല്‍:


മണ്ണൊരുക്കിയശേഷമാണ് പച്ചക്കറിവിളകള്‍ നടേണ്ടത്. വെള്ളക്കെട്ടുണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ഉയരത്തില്‍ വാരം കോരി അതില്‍വേണം നടാന്‍. അല്ലാത്തയിടത്ത് മണ്ണിന്‍റെ നിരപ്പില്‍തന്നെ തടമെടുത്ത് അതില്‍ നട്ടാല്‍ മതി.


തടങ്ങള്‍ രണ്ടു തരത്തിലുണ്ട്. പിഴുതെടുത്തു നടേണ്ട പച്ചക്കറികള്‍ ആദ്യം പാകി കിളിര്‍പ്പിക്കുന്ന തവാരണത്തടമാണ് ഇതില്‍ ആദ്യത്തേത്. എന്നാല്‍, അടുക്കളത്തോട്ടത്തിലേക്കു വേണ്ട പരിമിതമായ തൈകള്‍ വളര്‍ത്തിയെടുക്കാന്‍ ഇങ്ങനെ വലിയ തടമെടുക്കേണ്ട കാര്യമില്ല. വാവട്ടമുള്ള പഴയ ബേസിനോ അല്ലെങ്കില്‍ ടയറോ മറ്റോ എടുത്ത് അതിനുള്ളില്‍ മണ്ണും മണലും ചാണകപ്പൊടിയും കലര്‍ത്തിയ മിശ്രിതം നിറച്ച് വിരലുകൊണ്ട് ചാലു കീറിയാലും തവാരണത്തടത്തിനു പകരമാകും. ഇതിലും വിത്തു നാമ്പിട്ടുകൊള്ളും. ഒരു മാസം തൈയ്ക്ക് സുരക്ഷിതമായി നില്‍ക്കുന്നതിനുള്ള സ്ഥലം മാത്രമാണ് ഇത്തരത്തിലുള്ള തടങ്ങള്‍. തൈകള്‍ പിഴുതു മാറ്റിക്കഴിഞ്ഞാല്‍ ഇതിനുള്ളിലെ മണ്ണ് ചാക്കുകളില്‍ നിറയ്ക്കുന്നതിന് ഉപയോഗിക്കുകയും ചെയ്യാം.
നടീല്‍തടം ഏതിനം പച്ചക്കറിക്കും കൂടിയേ തീരൂ. നേരിട്ട് മണ്‍നിരപ്പില്‍ നടുന്ന വിത്തുകള്‍ ഇതേ തടത്തില്‍തന്നെയാണ് നാമ്പിടേണ്ടതും വളരേണ്ടതും. തവാരണത്തടത്തില്‍ പാകിയശേഷം പിഴുതെടുക്കുന്ന തൈകള്‍ക്കും ഇതേ രീതിയില്‍തന്നെ പിന്നീടുള്ള വളര്‍ച്ചയ്ക്കായി തടം തയ്യാറാക്കേണ്ടതുണ്ട്. ഓരോ തടത്തിനും രണ്ടടി വ്യാസമുണ്ടായിരിക്കുന്നതാണ് നല്ലത്. ഒന്നരയടി ആഴത്തില്‍ കിളച്ച് മണ്ണിളക്കി കൈകൊണ്ട് അതിലെ കല്ലും കട്ടയും മറ്റും പെറുക്കിമാറ്റി തടം തയ്യാറാക്കാം. അതിലേക്ക് ഒരു പിടി കോഴിവളം ചേര്‍ത്ത് മണ്ണുമായി നന്നായി യോജിപ്പിക്കുക. മണ്ണിരക്കമ്പോസ്റ്റോ സാധാരണ കമ്പോസ്റ്റോ ചേര്‍ത്താലും മതി. നിത്യേന രണ്ടു നേരം വീതം നനയ്ക്കാനും ശ്രദ്ധിക്കണം.


ചേമ്പ്, ചേന, കാച്ചില്‍, മധുരക്കിഴങ്ങ് തുടങ്ങിയ കിഴങ്ങുവിളകള്‍ നടുമ്പോള്‍ തടം തയ്യാറാക്കേണ്ട രീതി വ്യത്യസ്തമാണ്. തടത്തിനു പച്ചക്കറികള്‍ നടുന്നതിലും അധികം വ്യാസം ആവശ്യമാണ്. നടീലിനുശേഷം ഉണങ്ങിയ ഇലകളും മറ്റുംകൊണ്ട് നന്നായി പുതയിട്ടതിനുശേഷം മേല്‍മണ്ണുകൊണ്ട് മൂടുകയും വേണം. കൂര്‍ക്ക, ഇഞ്ചി, മഞ്ഞള്‍ എന്നിവ നടേണ്ടത് ഇരുപതു സെ.മീ. എങ്കിലും ഉയരമുള്ള തടങ്ങള്‍ നീളത്തിലെടുത്ത് അതിനു മുകളിലാണ്. ചേന, ചേമ്പ്, കാച്ചില്‍, ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയവ തണലിലും നന്നായി വളരുന്നവയാണ്. അതിനാല്‍ അടുക്കളത്തോട്ടത്തില്‍ തണല്‍ വീഴുന്ന സ്ഥലങ്ങള്‍ ഇവയ്ക്കായി നീക്കിവയ്ക്കുന്നതാണ് നല്ലത്.
വിളവു കൂടുതല്‍ കിട്ടണമെങ്കില്‍ പരമാവധി സൂര്യപ്രകാശം കൂടിയേ തീരൂ. ചെടികള്‍ തീരെ ചെറുപ്പമായിരിക്കുമ്പോള്‍ സൂര്യപ്രകാശത്തിന് നിയന്ത്രണം വേണം. അതിനാല്‍ തണല്‍ നാട്ടിക്കൊടുക്കണം. ചെടികളുടെ ചുവട്ടില്‍ നേരിട്ട് സൂര്യപ്രകാശം പതിക്കരുത്. അതിനായി പുതയിട്ടു കൊടുക്കണം. അതേസമയം, ഇലയിലും തണ്ടിലുമൊക്കെ പരമാവധി സൂര്യപ്രകാശം പതിക്കുന്നതാണ് നല്ലത്.

  • നമുക്കത്യാവശ്യമുള്ള അത്ര സാധനങ്ങള്‍ അടുക്കളത്തോട്ടത്തില്‍ കൃഷി ചെയ്യാവൂ. ആകര്‍ഷണത്തിന്നായി ഒരേ വിളകള്‍ തന്നെ പലപല തരങ്ങൾ കൃഷി ചെയ്തിട്ട് ഉപകാരമില്ലാതാകും. ആരോഗ്യമാണ് ലക്‌ഷ്യം എങ്കില്‍ ആവശ്യമുള്ളത് മാത്രം കൃഷി ചെയ്യുക അതിനെ നല്ലവണ്ണം പരിചരിക്കുക. മൂന്നോ നാലോ വെണ്ട തൈകള്‍ , രണ്ടു വഴുതന ,രണ്ടുമൂന്നു മുളക് തൈകള്‍. അല്പം പൊതീന .. പാവല്‍ പടവലം എന്നിവ രണ്ടോ മൂന്നോ , പയര്‍ എട്ടുപത്തെണ്ണം .. വേപ്പില ഒരെണ്ണം , അല്പം ചീര..അഞ്ചാറു ചേമ്പ്. അല്പം കൂര്‍ക്ക നാലഞ്ചു തക്കാളി എന്നിവ പോരെ?


  • സൌകര്യവും സമയവും കുറവുള്ളവര്‍ ശീതകാല പച്ചക്കറികള്‍ കൃഷി ചെയ്യാതിരിക്കുന്നതാണ് ഉത്തമം.. ബീറ്റ്റൂട്ട് രാടിഷ് എന്നിവ അത്യാവശ്യ വിളവു നമ്മുടെ മണ്ണിലും ലഭിക്കുന്നുണ്ട് ,


  • ദിവസവും രണ്ടു നേരം നന മറക്കരുത് .. ചെടികള്‍ പൂ ഇട്ടു തുടങ്ങിയാല്‍ ആഴ്ചയില്‍ ഒരു ദിവസം കടലപിണ്ണാക്ക് പുളിപ്പിച്ചത് നേര്‍പ്പിച്ചു കൊടുക്കുന്നത് നല്ലതാണ്.. ചെടികള്‍ നടുന്നതിന്നു മുന്‍പ് വേപ്പിന്‍ പിണ്ണാക്ക് മണ്ണില്‍ ഇട്ടു കൊടുക്കുന്നത് മണ്ണില്‍നിന്നുള്ള കീടബാധ കുറയ്ക്കും .. കഴിയുന്നതും വീട്ടിലെ വേസ്റ്റ് ഉപയോഗിച്ചുള്ള വളങ്ങള്‍ ശീലമാക്കുക .. ദിവസേന ചെടികളെ ശുശ്രൂഷിക്കുക അവയിലെ കീടങ്ങളെ കൈകൊണ്ടു എടുത്തു ദൂരെ കളയുക , മുളക് തക്കാളി എന്നിവയില്‍ കണ്ടു വരുന്ന വെള്ളീച്ചകളെ വെള്ളം സ്പ്രേ ചെയ്തു കഴുകുക..


  • വിളകള്‍ മൂപ്പെത്തുന്നതിന്നു മുന്‍പേ ഇറുത്തു ഫ്രിഡ്ജില്‍ സൂക്ഷിക്കുക ആവശ്യതിനായാല്‍ കറി വെക്കാം ,, വിളകള്‍ ഒരിക്കലും ചെടികളില്‍ നിന്ന് മൂക്കാന്‍ അനുവദിക്കരുത് അത് പിന്നീടുള്ള വിളകളെ ബാധിക്കും..


  • വിത്തുകള്‍ വിശ്വസ്തരായവരില്‍ നിന്ന് മാത്രം വാങ്ങുക.. നടുന്ന വിത്ത്‌ മുളക്കാതായാല്‍ അതോടെ കൃഷിയോടുള്ള താല്പര്യം നശിക്കും.. അറിയാതെ എങ്കിലും ചിലര്‍ ഹൈബ്രീഡ് വിളകളില്‍ നിന്നുള്ള വിത്തുകള്‍ വിതരണം ചെയ്യുന്നുണ്ട് ആയവ മുളക്കുമെങ്കിലും കായകള്‍ ഉണ്ടാകാനുള്ള സാദ്യത കുറവാണ്,, ഹൈബ്രീദ് വിത്തുകള്‍ ഒറ്റതവണ കൃഷിക്ക് മാത്രം ഉപയോഗിക്കുക..


  • ടെറസ്സ് കൃഷി ചെയ്യുന്നവര്‍ ടെറസ്സില്‍ വെള്ളം കെട്ടി നിക്കുന്നില്ലെന്നു ഉറപ്പാക്കണം ,, ചെലവ് കുറച്ചു, കൂടുതല്‍ ഉത്പാതനം ലക്ഷ്യമാക്കണം.. പാഴ് വശ്തുക്കള്‍ അടുക്കളത്തോട്ടത്തില്‍ ഉപയോഗിക്കാം അരിചാക്ക് ടെക്സ്ടൈല്സ് കവറുകള്‍ ഉപയോഗശൂന്യമായ സ്കൂള്‍ ബാഗ് , സ്യൂട്ട്കെയ്സ് വാനിറ്റി ബാഗ് എന്നിവയില്‍ ഒക്കെ ചെടികള്‍ വളര്‍ത്താം .

  • ഒരു കാര്യം ശ്രദ്ധിക്കുക ജൈവ കൃഷി വ്യാവസായികമായി നടത്താന്‍ പറ്റുന്ന ഒന്നല്ല അത് നമ്മുടെ അടുക്കളത്തോട്ടത്തില്‍ മാത്രമേ സാധ്യമാകൂ. ആയതിനാല്‍ ജൈവ ഉത്പന്നങ്ങള്‍ക്കായി സ്വന്തമായി അടുക്കളത്തോട്ടം നിര്‍മ്മിക്കുക തന്നെ വേണം , നമ്മുടെ ആരോഗ്യം നമ്മുടെ മാത്രം ആവശ്യമാണ്‌ വ്യാവാസായിക കര്‍ഷകര്‍ക്ക് അവരുടെ സാമ്പത്തികഭദ്രത മാത്രമാണ് ലക്‌ഷ്യം എന്നോര്‍ക്കുക..

അടുക്കളത്തോട്ടം ആകര്‍ഷകവും അതേസമയം സുരക്ഷിതവുമാക്കാന്‍ തോട്ടത്തിന് അതിര്‍ത്തി തിരിച്ച് വേലി കെട്ടാവുന്നതാണ്. മാത്രമല്ല ഈ വേലി പച്ചക്കറികള്‍ പടര്‍ത്തുന്നതിന് ഉപയോഗിക്കുകയും ചെയ്യാം. പച്ചക്കറികള്‍ ഉപയോഗിച്ചുള്ള ജൈവവേലിയും നിര്‍മ്മിക്കാം. അതിനായി മധുരച്ചീര അഥവാ, ചെക്കുര്‍മാനിസ് ഉപയോഗപ്പെടുത്താം. നന്നായി വളരുന്നതും കമ്പുകള്‍ ഉള്ളതുമായ മധുരച്ചീര തോട്ടത്തെ വീട്ടിലെ മറ്റു പക്ഷി-മൃഗാദികളില്‍ നിന്ന് സംരക്ഷിക്കുന്നു. അതോടൊപ്പം വേലിയില്‍ ഇടയ്ക്കിടെ അഗത്തിച്ചീര നട്ടുകൊടുത്താല്‍, വളര്‍ന്നുവരുമ്പോള്‍ മരമാകുന്ന ചെടിയായതിനാല്‍ വേലിക്ക് ഉറപ്പും ഒപ്പം നമുക്ക് അടുക്കളയിലേക്ക് പോഷകസമ്പുഷ്ടമായ ഇലകളും പൂക്കളും ലഭിക്കുകയും ചെയ്യും. മുന്‍ഭാഗത്തെ വേലിയില്‍ ബാസല്ല ചീരവള്ളികള്‍ പടര്‍ത്തിയാല്‍ കാഴ്ചയ്ക്ക് ഭംഗിക്കൊപ്പം തോട്ടത്തിന് സംരക്ഷണവുമാകും.

 

ടെറസില്‍ പച്ചക്കറി :-  മുന്നൊരുക്കം
ചെടിക്കു വളരാന്‍ മണ്ണു തന്നെ വേണമെന്നില്ല. ഏതെങ്കിലുമൊരു വളര്‍ച്ചാമാധ്യമം മതി എന്നായിട്ടുണ്ട്. ചകിരിച്ചോറ്, കൊക്കോപീറ്റ് (സംസ്കരിച്ച ചകിരിച്ചോറ്), നിയോ പീറ്റ് (ഇറക്കുമതി ചെയ്യുന്ന ഒരിനം ഉണങ്ങിയ പായല്‍) തുടങ്ങിയ വളര്‍ച്ചാമാധ്യമങ്ങളില്‍ ചെടികള്‍ നന്നായി വളരുന്നുണ്ട്. ഈര്‍പ്പം മാത്രം നല്‍കി പ്രത്യേക പരിസ്ഥിതിയില്‍ ചെടികള്‍ വളര്‍ത്തുന്ന ഹൈഡ്രോപോണിക്സ് എന്ന രീതിക്കും പ്രചാരം കൂടിവരുന്നു.

പച്ചക്കറികള്‍ മണ്ണില്‍തന്നെ നട്ടു വളര്‍ത്തുക എന്നത് നാലോ അഞ്ചോ സെന്‍റ് സ്ഥലം മാത്രമുള്ള നഗരപ്രദേശങ്ങളില്‍ ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ പ്രശ്നത്തിനു പരിഹാരം ടെറസിനെ കൃഷിയിടമാക്കുന്നതാണ്.


ടെറസിനു മുകളില്‍ പ്രത്യേക തടങ്ങളില്‍ മണ്ണും മണലും ചാണകപ്പൊടിയും കലര്‍ന്ന മിശ്രിതം നിറച്ച് അതിലോ ഈ മിശ്രിതം നിറച്ച ചാക്കുകള്‍ ടെറസിന്‍റെ മുകളില്‍ അടുക്കിവച്ച് അതിലോ പച്ചക്കറികള്‍ കൃഷി ചെയ്യുന്ന രീതിയാണ് മട്ടുപ്പാവുകൃഷി അഥവാ ടെറസ് കൃഷി.
ടെറസില്‍ പച്ചക്കറി കൃഷിചെയ്യുന്പോള്‍ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ടെറസിന്‍റെ ബലവും നടാനുപയോഗിക്കുന്ന മിശ്രിതം തയ്യാറാക്കുന്ന രീതിയുമാണ്. വീടുപണിയുന്പോള്‍ തന്നെ ഇതിനുവേണ്ട തയ്യാറെടുപ്പുകള്‍ നടത്തിയാല്‍ ശക്തമായ പില്ലറുകളും ബീമുകളും വാര്‍ത്ത് കൃഷിക്കായി ടെറസിന്‍റെ ബലം കൂട്ടാന്‍ കഴിയും. 20 കി.ഗ്രാം. നടീല്‍ മിശ്രിതം വീതം നിറച്ച 100 ചാക്കുകള്‍ ടെറസിന്‍റെ മുകളില്‍ വച്ചാല്‍ ടെറസിനു താങ്ങേണ്ടി വരുന്നത് രണ്ടു ടണ്‍ മണ്ണിന്‍റെ ഭാരമാണ്. ഇതിനു തക്ക ബലം മിക്ക പുതിയ വീടിന്‍റെ ടെറസുകള്‍ക്കുമുണ്ട്. ഒരു ചുവട്ടില്‍ മൂന്നു ലിറ്റര്‍ വെള്ളം ഒരു ദിവസം ഒഴിക്കുകകൂടി ചെയ്താല്‍ ടെറസ് ചുമക്കേണ്ട ഭാരം 3 ടണ്ണോളം എത്തും. അതിനാല്‍ ചുവടെ ഭിത്തികളോ ബീമുകളോ വരുന്ന ഭാഗത്തു നിരയായി ചാക്കുകള്‍ അടുക്കുന്നതാണ് നല്ലത്. ഇതേ രീതിയില്‍ ഭിത്തികളും ബീമുകളും വരുന്ന ഭാഗത്തിന് മുകളിലായി ടെറസില്‍ രണ്ടു സിമന്‍റ് ഇഷ്ടികയുടെ ഉയരത്തില്‍ തടങ്ങള്‍ നിര്‍മ്മിച്ച് അതില്‍ നടീല്‍മിശ്രിതം നിറച്ചും കൃഷി ചെയ്യാവുന്നതാണ്. ഈ രീതിയിലാണ് കൃഷി ചെയ്യുന്നതെങ്കില്‍ വീടുപണിയുന്പോള്‍തന്നെ ടെറസിനു വാര്‍ക്കയുടെ കനം കൂടുതല്‍ നല്‍കണം. കാരണം ചാക്കുകളില്‍ നിറയ്ക്കുന്നതിനേക്കാള്‍ നാലിരട്ടി വരെ നടീല്‍മിശ്രിതമാണ് ചെടിനടാന്‍ തയ്യാറാക്കുന്ന തടങ്ങളില്‍ കൊള്ളിക്കുന്നത്. എട്ടോ പത്തോ ടണ്‍ ഭാരം സ്ഥിരമായി ടെറസിനു മുകളില്‍ ഉള്ളതിനാല്‍ ടെറസിനു നല്ല ബലം ആവശ്യമാണ്

അടുക്കളത്തോട്ടം:

അമര കൃഷി

മറുനാട്ടിൽ നിന്ന് വരുന്ന അമരയെക്കാളും നല്ല ടേസ്റ്റ് ആണ് നമ്മുടെ നാട്ടിൽ ഉണ്ടാവുന്ന കൊത്തമര യ്ക്ക്
എല്ലാ സുഹൃത്തുക്കളും 10 ചുവട് അമര എങ്കിലുംവീട്ടുവളപ്പിൽ നട്ടുവളർത്താൻ ശ്രമിക്കുക.

ഇഞ്ചി  കൃഷി

പോർച്ചുഗീസുകാരെയും സ്‌പെയിൻകാരെയും ഡച്ചുകാരെയും പന്നിീട് ഇംഗ്ലീഷുകാരെയും ലോകം മുഴുവൻ ചുറ്റിസഞ്ചരിക്കാനും മിക്ക വൻകരകളിലേക്കും കുടിയേറാനും പ്രേരിപ്പിച്ചതിൽ കറുത്തപൊന്നിനെപ്പോലെത്തന്നെയുള്ള പങ്ക് ഇഞ്ചിക്കും

കടച്ചക്ക

ശാഖോപശാഖകളായി ഏകദേശം 18 മീറ്റര്‍വരെ ഉയരത്തില്‍ വളരുന്ന ഒരു നിത്യഹരിതവൃക്ഷമാണ് കടച്ചക്ക.

കറിവേപ്പ്

പലരുടെയും പ്രശ്നം ആണ് കറിവേപ്പ് നട്ട് പിടിപ്പിക്കാൻ പറ്റുന്നില്ല എന്നത്

കസ്തൂരി മഞ്ഞൾ കൃഷി

മഞ്ഞള്‍ തേച്ച് കുളിയ്ക്കുന്നതും സൗന്ദര്യസംരക്ഷണത്തിനും മറ്റും മഞ്ഞള്‍ ഉപയോഗിക്കുന്നതും ഇന്നോ ഇന്നലേയോ തുടങ്ങിയ കാര്യമല്ല. എന്നാല്‍ ചര്‍മ്മ കാന്തിയ്ക്ക് മഞ്ഞളിനേക്കാള്‍ പ്രിയപ്പെട്ടത് എന്നും കസ്തൂരി മഞ്ഞള്‍ തന്നെയായിരുന്നു.

കാന്താരി മുളക് കൃഷി

ബേര്‍ഡ്‌സ് ഐ ചില്ലി എന്നാണ് ഇതിന്റെ ഇംഗ്‌ളീഷ് പേര്. ചുവന്ന് പഴുത്ത് മുകളിലേക്ക് നില്‍ക്കുന്ന കാന്താരി മുളക് കിളികളെ പെട്ടെന്ന് ആകര്‍ഷിക്കുമെന്നതിനാലാണ് ഇങ്ങനെ വിളിക്കുന്നത്.

കുമ്പളം കൃഷി

കീടബാധ കുറഞ്ഞതും, മെച്ചപ്പെട്ട വിളവ് ഉറപ്പിക്കാൻ സാധിക്കുന്നതുമായ നല്ലൊരു വിളയാണ് കുമ്പളം.

വർഷം മുഴുവൻ കൃഷി ചെയ്യാൻ കഴിയുമെന്ന്തും, വിളവെടുത്ത് കഴിഞ്ഞാലും ഒരു വർഷത്തോളം കേട് കൂടാതെ സൂക്ഷിച്ചു വെക്കാം എന്നതും ഈ വിളയുടെ പ്രത്യേകത ആണ്.

കൂണ്‍ കൃഷി

മൃദുവായതും, വീര്‍ത്തതുമായ ഒരിനം ഫംഗസാണ്‌ കൂണ്‍

കൂവ കൃഷി

നമ്മുടെ നാട്ടിൽ കണ്ടുവരുന്ന നാടൻകൂവ മഞ്ഞളിന്റെ കുടംബക്കാരനാണ്.

കൂർക്ക കൃഷി

സെപ്റ്റംബർ മാസമാണ് കൂർക്ക നടാൻ പറ്റിയ നല്ല സമയം

കോവയ്ക്ക കൃഷി

കോവയ്ക്ക ഉള്ള ഇടത്തില്‍ ഐശ്വര്യം ചുമ്മാ വന്നു കയറും എന്നാണ് പ്രമാണം.

ചതുരപ്പയർ കൃഷി

പയറുവർഗങ്ങളിലെല്ലാം തന്നെ മാംസ്യമടങ്ങിയിരിക്കുന്നു. എന്നാൽ, ഏറ്റവും കൂടുതൽ മാംസ്യം അടങ്ങിയിരിക്കുന്ന പയറിനമാണ് ചതുരപ്പയർ

bottom of page