top of page

ചീരച്ചേമ്പ് കൃഷി

ചീരച്ചേമ്പ് കൃഷി

ഇലയ്ക്കുവേണ്ടി വളര്‍ത്തുന്ന ചേമ്പാണിത്. കിഴങ്ങും ചൊറിച്ചിലും ഇല്ലെന്നതാണ് പ്രത്യേകത. ഇലച്ചേമ്പ്, വിത്തില്ലാച്ചേമ്പ് എന്നും വിളിക്കും. ഇലയും തണ്ടുമാണ് കറികള്‍ക്ക് ഉപയോഗിക്കുക. കണ്ടാൽ ചേമ്പ് പോലെ തോന്നുന്ന ചെടിയാണ് ചീര ചേമ്പ്. ചേമ്പ് വർഗ്ഗത്തിൽ പെട്ട ചീര എന്നാണ് ഇതിനെ പറയുന്നത് .ഇത് വളരെ രുചികരമായ കറി വിഭവമാണ്.

രണ്ട് തരത്തിലുള്ള ചീര ചേമ്പുകളാണുള്ളത് പച്ച തണ്ട് ഉള്ളതും കറുത്ത തണ്ട് ഉള്ളതും വലിയ പരിചരണം ഒന്നും ഇല്ലാതെ തന്നെ ഇത് തഴച്ച് വളരും ഇതിന്റെ ഇലയും തണ്ടും പോഷക സമൃദ്ധമാണ് ഒരിക്കൽ തൈ നട്ടാൽ കരുത്തോടെ വളർന്ന് ഒരു പാട് തൈകൾ ഉണ്ടാകും.

ചീരപോലെ തോരനുണ്ടാക്കാം. സാമ്പാര്‍ ഉള്‍പ്പെടെയുള്ള കറികള്‍ക്കും ഉപയോഗിക്കാം. ചെമ്മീനിട്ടു കറിക്കും സൂപ്പിനും എടുക്കാറുണ്ട്. വല്ലാതെ മൂക്കാത്ത ഇലകള്‍ തണ്ടുസഹിതം ചുവട്ടില്‍നിന്ന് മുറിച്ചെടുക്കണം. തണ്ടിന്റെ പുറത്തെ തോല്‍ നീക്കണം. ഇലകള്‍ ചെറുതായി അരിയാം.

ഒരുതവണ നട്ടാല്‍ ധാരാളം ഉണ്ടായിക്കൊള്ളും. വലിയ പരിചരണം വേണ്ടാ. സാധാരണ ജൈവവളങ്ങള്‍ ഇട്ടുകൊടുത്താല്‍മതി. ചുവട്ടിലെ ചെറിയ തൈകള്‍ വേരോടെ പറിച്ചെടുത്താണ് നട്ടുവളര്‍ത്തുന്നത്. ഗ്രോബാഗിലും വളര്‍ത്താം.

പോഷകസമൃദ്ധമാണ് ചീരച്ചേമ്പ്. വിറ്റാമിന്‍-എ, ബി-6, സി, ഫോസ്ഫറസ്, പ്രോട്ടീന്‍, തയാമിന്‍, റൈബോഫ്‌ലേവിന്‍, നിയാസിന്‍, കാത്സ്യം, അയേണ്‍, നാരുകള്‍ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യം, രക്തസമ്മര്‍ദനിയന്ത്രണം, ചര്‍മാരോഗ്യം, കാഴ്ചശക്തി എന്നിവയ്ക്ക് നല്ലതാണ്.