പാവല്‍ കൃഷി

പാവല്‍ അഥവാ കൈപ്പ മലയാളിക്ക് ഏറ്റവും പ്രിയമുള്ള പച്ചക്കറികളില്‍ ഒന്നാണ്. പാവയ്ക്കാ അഥവാ കയ്പ്പക്ക ഉപയോഗിച്ച് രുചികരമായ തോരന്‍, മെഴുക്കുപുരട്ടി, തീയല്‍ , മുളക് കറി ഇവ തയ്യാറാക്കാം. വിപണിയില്‍ ലഭിക്കുന്ന പാവക്കയുടെ അവസ്ഥ പ്രത്യേകിച്ച് പറയേണ്ടതില്ലലോ ?. ഏറ്റവും കൂടുതല്‍ വിഷമടിക്കുന്ന പച്ചക്കറികളില്‍ ഒന്നാണ് പാവയ്ക്കാ. നമ്മുടെ അടുക്കളതോട്ടത്തില്‍/ടെറസ് കൃഷിയില്‍ വളരെ എളുപ്പത്തില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് പാവല്‍.
നല്ല പലയിനങ്ങളും ലഭ്യമാണ്, മായ എഫ്1, പ്രിയ, പ്രീതി, പ്രിയങ്ക തുടങ്ങിയവ ചില നല്ലയിനം പാവല്‍ ഇനങ്ങള്‍ ആണ്. വിത്ത് പാകിയാണ് പാവല്‍ കൃഷി ചെയ്യുന്നത്, അതിനായി നല്ലയിനം വിത്തുകള്‍ ഉപയോഗിക്കുക. വിത്തുകള്‍ ലഭിക്കാന്‍ അടുത്തുള്ള കൃഷി ഭവന്‍ , കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍, വി എഫ് പി സി കെ , അടുത്ത് വളം ഒക്കെ വില്‍ക്കുന്ന കടകള്‍ ഇവയില്‍ അന്വേഷിക്കുക.
മുളക്കാന്‍ അല്‍പ്പം പ്രയാസമുള്ളതാണ് പാവല്‍ വിത്തുകള്‍. പാകുന്നതിനു മുന്‍പ് 10-12 മണിക്കൂര്‍ വിത്തുകള്‍ വെള്ളത്തില്‍ കുതിര്‍ത്തു വെച്ചാല്‍ അവ പെട്ടന്ന് മുളച്ചു വരും. തൈകള്‍ മുളച്ചു രണ്ടാഴ്ച്ച കഴിഞ്ഞു പറിച്ചു നടാം. ഗ്രോ ബാഗിലും ഇവ നടാം, ടെറസ് കൃഷിയില്‍ ഗ്രോ ബാഗില്‍ പാവല്‍ കൃഷി ചെയ്യാം. ഒരു തടത്തില്‍/ഒരു ബാഗില്‍ 1-2 തൈകള്‍ നടുക. അടിവളമായി ഉണങ്ങിയ ചാണകം, ആട്ടിന്‍ കാഷ്ട്ടം, ഉണങ്ങിയ കരിയില , അല്‍പ്പം വേപ്പിന്‍ പിണ്ണാക്ക് ഇവ ഇടാം. പറിച്ചു നട്ടു ചെടി വളന്നു തുടങ്ങുമ്പോള്‍ ജൈവ വളങ്ങള്‍ ഇടയ്ക്കിടെ കൊടുക്കാം. കടല പിണ്ണാക്ക് 1-2 പിടി എടുത്തു ഒരു ലിറ്റര്‍ വെള്ളത്തില്‍ 2-3 ദിവസം ഇട്ടു വെക്കുക, അതിന്റെ തെളി എടുത്തു ഇരട്ടി വെള്ളം ചേര്‍ത്ത് ആഴ്ചയില്‍ ഒരിക്കല്‍ കൊടുക്കാം. ഇടയ്ക്കിടെ ഫിഷ് അമിനോ ആസിഡ് പോലെയുള്ള ജൈവവളങ്ങള്‍ കൂടി ഉപയോഗിക്കാം.
ചെടികള്‍ വള്ളി വീശി വരുമ്പോള്‍ പന്തല്‍ ഇട്ടു കൊടുക്കണം, 1-2 തൈകള്‍ മാത്രം എങ്കില്‍ ഒരു തെങ്ങിന്റെ ഓല കുത്തിച്ചാരി വെച്ചു അതിലേക്കു പടര്‍ത്താം. ടെറസില്‍ എങ്കില്‍ ചെറിയ കമ്പുകള്‍ കൊണ്ട് ചെറിയ രീതിയില്‍ പന്തല്‍ ഉണ്ടാക്കി പടര്‍ത്തുക. ആദ്യം ഉണ്ടാകുക ആണ്‍ പൂക്കള്‍ ആണ്, പിന്നീടു പെണ് പൂക്കള്‍ ഉണ്ടാകും.
എല്ലാ കാലത്തും പാവല്‍ കൃഷി ചെയ്യാമെങ്കിലും മേയ് ജൂണ്‍ ആഗസ്റ്റ് സെപ്തംബര്‍ എന്നീ സമയത്ത് പാവല്‍ കൃഷിക്ക് കൂടുതല്‍ അനുയോജ്യം , പാവല്‍ കൃഷിക്ക് കീടക്രമണം മറ്റു പച്ചക്കറികളെ അപേക്ഷിച്ച് കൂടുതല്‍ കാണപ്പെടുന്നു പൂ ഇടാന്‍ തുടങ്ങുന്നതിനു മുന്‍പേതന്നെ ഇലകളെ വലപോലാക്കുന്ന ഒരു കീടക്രമണം തടയാന്‍ പുകയില കഷായം ആഴ്ചയില്‍ രണ്ടുതവണ വീശി സ്പ്രേ ചെയ്യുന്നത് നന്നായിരിക്കും , പൂ ഇട്ടു ചെറിയ കാ ആകുമ്പോള്‍ തന്നെ കാ കവര്‍ / കടലാസ് ഉപയോഗിച്ച് കീടങ്ങളില്‍ നിന്നും മറക്കെണ്ടതാണ് കാ ഈച്ച കെണികള്‍ ഉപയോഗിക്കാം. രണ്ടു പാവല്‍ ചെടി ഉണ്ടെങ്കില്‍ മാസം മുഴുവന്‍ പാവല്‍ തിന്നു മടുക്കും അത്രയ്ക്ക് വിളവു ഇവയില്‍ നിന്നും പ്രതീക്ഷിക്കാം.
കഞ്ഞി വെള്ളം കടല പിണ്ണാക്ക് എന്നിവ പുളിപ്പിച്ചതും ഉണങ്ങിയ ചാണകപ്പൊടിയും വളമായി കൊടുക്കാം ഇലകളില്‍ ഇടയ്ക്കിടെ ഗോമൂത്ര കാന്താരിമുളക് മിശ്രിതം തെളിക്കുന്നത് നന്നായിരിക്കും
ഗ്രോ ബാഗില്‍ മണ്ണോരുക്കുമ്പോള്‍ മണ്ണിനെക്കാള്‍ കൂടുതല്‍ കരി ഇലകള്‍ ചേര്‍ക്കാന്‍ ശ്രദ്ദിക്കണം ഈ കരി ഇലകള്‍ പൊടിഞ്ഞു മണ്ണിനെ ഫലഭൂയിഷ്ടം ആക്കും എന്നു മാത്രമല്ല മണ്ണ് ഉറച്ചു കട്ടിയാകാതെ ചെടികള്‍ക്ക് നല്ല വേരോട്ടത്തിന്നു സഹായിക്കും.
പോഷക പ്രധാനവും കൂടെ ഔഷധ ഗുണവും ഉണ്ട് പാവയ്ക്കയില്‍. കാത്സ്യം, ഇരുമ്പ് , ജീവം എ, ബി ,സി ഇവ ധാരാളം അടങ്ങിയ പാവക്ക പ്രമേഹം , പൈല്‍സ് തുടങ്ങിയ രോഗങ്ങള്‍ക്ക് ഉത്തമ ഔഷധം കൂടിയാണ് .