top of page

പനിക്കൂർക്ക

പനിക്കൂർക്ക

പണ്ടൊക്കെ പഴയ മലയാളിത്തറവാട്ടുകളുടെ മുറ്റത്തിനരിക് അലങ്കരിച്ചിരുന്ന മനോഹരമായ ഒരു സസ്യയിനമായിരുന്നു പനിക്കൂർക്ക. കുട്ടികൾക്ക് ഒരു മൃതസഞ്ജീവനിപോലെ എല്ലാരോഗത്തനുമുള്ള ഒറ്റമൂലിയായിരുന്നു അത്. പനിക്കും ജലദോഷത്തിനും കഫക്കെട്ടിനും ചുമയ്ക്കും നീർക്കെട്ടിനും വയറുവേദനയ്ക്കും ഗ്രഹണിരോഗത്തിനും പ്രതിവിധിയായും ദഹനശക്തിക്കും എന്നുവേണ്ട കുട്ടികളിലുണ്ടാകുന്ന മിക്ക ആരോഗ്യപ്രശ്‌നങ്ങൾക്കും പ്രതിവിധിയായിരുന്നു. നമ്മുടെ പനിക്കൂർക്ക.

മലയാളികൾ കഞ്ഞിക്കൂർക്ക, നവര എന്നെല്ലാം വിവക്ഷിക്കപ്പെടുന്ന ഇതിന് സംസ്‌കൃതത്തിൽ പാഷാണമേദം, പർണയവനി, പാഷാണഭേദി എന്നിങ്ങനെയും ഹിന്ദി, ബംഗാളിഭാഷകളിൽ പഥർചൂർ എന്നും തമിഴിൽ കർപ്പൂരവല്ലിയെന്നും പറഞ്ഞുവരുന്നു. ഇന്ത്യൻ റോക്ക് ഫോയിലെന്ന് ആംഗലേയത്തിൽ പറയുന്ന ഇത് അഡ്‌ജെറാൻ എന്നും അറിയപ്പെടുന്നുണ്ട്.

പ്‌ളാനേറ്റേ സാമ്രാജ്യത്തിലെ പ്ലെക്ട്രാന്തസ് ജനുസ്സിൽപ്പെട്ട ലാമിയേസിയേ കടുംബക്കാരനാണ്  കോളിയസ് അരോമാറ്റിക്കസ് എന്ന ശാസ്ത്രനാമമുള്ള നമ്മുടെ പനിക്കുർക്ക. ഏകദേശം 30-40 സെമീ ഉയരത്തിനപ്പുറത്തേക്ക് വളരാത്ത, കുറഞ്ഞതോതിൽ പടർന്നുവളരുന്ന സ്വഭാവം കാണിക്കുന്ന വർഷം മുഴുവൻ നിലനിൽക്കുന്ന ഒൗഷധിയാണിത്. ഇലകളിലും തണ്ടിലും നിറയെ നേരത്ത ലോമികകൾ കണ്ടുവരുന്നു. അധികവും ലൗ ചിഹ്നത്തിന്റെ ആകൃതിയിലാണ് ഇലകൾ കണ്ടുവരുന്നത്. ചുരുക്കം ചിലയിടങ്ങളിൽ വൃത്താകാരവും കാണാറുണ്ട്. ഇലകൾക്ക് 8സെമീ നീളവും 5 സെമീയിൽ കൂടുതൽ വീതിയുമുണ്ടാകും. 

അനവധിശാഖകളായിപൊട്ടിപ്പൊട്ടിയാണ് വളരുക. ശാഖകളുടെ അറ്റത്ത് പൂക്കൾ കുലകളായിക്കാണപ്പെടുന്നു. ചെറിയപൂക്കൾക്ക് പർപ്പിൾ നിറമായിരിക്കും. ചെടിയുടെ ഇളംതലകളാണ് നുള്ളിയെടുത്ത് ഉപയോഗിക്കാറ്. തലനുള്ളിക്കഴിഞ്ഞാൽ ഇലകൾക്കിടയിൽനിന്ന് പുതുതലകൾ ഉണ്ടായിവരും. തണ്ടും ഇലകളുമാണ് ഔഷധമായി ഉപയോഗിക്കുന്നത്.

പണ്ട് നമ്മുടെ വീട്ടുവളപ്പിലെ  പ്രധാന ഔഷധസസ്യമായിരുന്ന കഞ്ഞിക്കൂർക്കയുടെ  ആയുർവേദപരവും ശാസ്ത്രീയവും വ്യാവസായികമായുമുള്ള മൂല്യങ്ങൾ മനസ്സിലാക്കിയ കാർഷികലോകം അതിനെ വ്യാവസികമായി കൃഷിചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ദേശീയ മിഷൻഫോർ മെഡിസിനൽ പ്ലാന്റ്‌സിന്റെ സഹായത്തോടെയാണിതിന് തുടക്കം.

കൃഷിരീതി

നമ്മുടെ പുരയിടങ്ങളിൽ തണ്ടുകൾ ഒടിച്ചുനട്ടാണ് പുതിയത് മുളപ്പിക്കുന്നത.്  ചെടിയുടെ തണ്ടുകൾക്ക് വെള്ളകലർന്ന് പച്ചനിറമോ പർപ്പിൾ നിറം കലർന്ന പച്ചനിറമോ ആയിരിക്കും. ചാണകവും ഗോമൂത്രം നേർപ്പിച്ചതുമാണ് വളമായി നൽകാവുന്നത്. കടലപ്പിണ്ണാക്ക് കുതിർത്ത് നേർപ്പിച്ചൊഴിച്ചുകൊടുക്കുന്നതും നല്ലതാണ്.

നന്നായി അടിവളം ചേർത്ത മണ്ണിലേക്ക്് തണ്ടുകൾ് പറിച്ചുനട്ട് വളർത്തിയെടുക്കാം. പറച്ചുനടുന്നസഥലത്ത് നല്ല സൂര്യപ്രകാശം ലഭിക്കണം. പതിനഞ്ചുദിവസം കൂടുമ്പോൾ ചാണകപ്പൊടി അടിയിൽ വിതറി മണ്ണ്കൂട്ടിക്കൊടുക്കാം. ചെടി തഴച്ചുവളരാൻ യൂറിയയും നൽകാറുണ്ട്. ചെടിയുടെ ചുവട്ടിൽവെള്ളം കെട്ടിനിൽക്കരുത്. അങ്ങനെ നിന്നാൽ ചെടിമൊത്തം ചീഞ്ഞുപോവും. വേനൽക്കാലത്ത് ഒന്നരാടൻ നനയ്ക്കാം്. മഴക്കാലത്ത് വേരുപൊന്താതിരിക്കാൻ മുരട്ടിൽ മണ്ണ് കൂട്ടിക്കൊടുക്കണം.

നല്ലപ്രതിരോധശേഷിയുള്ള ചെടിയാണ് പനിക്കൂർക്ക. എന്നാലും ചിലപ്പോൾ ചിലചെടികൾക്ക് രോഗങ്ങൾ വരാറുണ്ട്  കീടങ്ങൾ ഇവയെ സാധാരണഗതിയിൽ  ആക്രമിക്കാറില്ല. വേരുചീയലാണ് പ്രധാനമായും കണ്ടുവരുന്ന രോഗം തടത്തിൽ കൂടുതൽവെള്ളം നിർത്താതിരിക്കലാണ് പ്രതിവിധി.

ഔഷധഗുണവും ഉപയോഗവും

കുട്ടികളുള്ള വീട്ടിൽ ഒരു മുരട് പനിക്കൂർക്ക നിർബന്ധമായിരുന്നു. കാർവക്രോൾ എന്ന രാസവസ്തുവുള്ള ബാഷ്പശീലതൈലമാണ് ഇതിൽ പ്രധാനമായും അടങ്ങിയിരിക്കുന്നത്. സിർസിമാരിറ്റിൻ, സിറ്റോസ്റ്റൈറോൾ, ഗ്‌ളൂക്കോസൈഡ്, ഒലിയാനോലിക്, ഡിഹൈഡ്രോക്‌സി ഒലീൻ, പാമോലിക്, ടോർമെന്റിക്, ക്രേറ്റീജനിക് എന്നിവ ഇവയിൽ അടങ്ങിയിരിക്കുന്നു.

മൂത്രവിരേചിയായ ജത് മൂത്രവസ്തിയെ ശുദ്ധമായി സംരക്ഷിക്കുന്നു. വെള്ളപോക്കിനെ ശമിപ്പിക്കാനും ഇത് സഹായകമാണ്. കുട്ടികൾക്കുണ്ടാകുന്ന വിവിധരോഗങ്ങൾക്ക് ശമനിയായി വർത്തിക്കുന്നുവെന്ന് മുമ്പ് പറഞ്ഞു. ഇതിന്റെ ഇല ചൂടാക്കി ഞെക്കിപ്പിഴിഞ്ഞെടുത്ത നീര് മൂന്നുനേരം മൂന്നുദിവസമായാണ് കുഞ്ഞുങ്ങൾക്ക് നൽകാറ്. വയറിളക്കാൻ ത്രിഫലയുടെ കൂടെ ഇതിന്റെ ഇല അരച്ചത് കഴിച്ചാൽ കൃമി മുഴുവനും പുറത്തുപോവും.

ഗ്രഹണിരോഗത്തിന് മറ്റ്്് ആഹാരങ്ങളുടെ കൂടെ ഇതിന്റെ ഇല അല്പാല്പം ചേരത്തുകഴിച്ചാൽ ശമിക്കും. പണ്ട ്‌കോളറാ രോഗത്തിന്റെ ശമനത്തിന് പനിക്കൂർക്കയുടെ ഇലചേർത്ത വെള്ളം തിളപ്പിച്ചാറ്റിക്കഴിക്കുമായിരുന്നു.

ലോകവ്യാപകമായി ഇതിന്റെ ഗുണങ്ങളെക്കുറിച്ച് ഒട്ടേറെ ഗവേഷണങ്ങൾ നടന്നുവരുന്നു. ആയുർവേദത്തിൽ വലിയ രാസ്‌നാദിക്കഷായം, വാകാദിതൈലം, ഗോപിചന്ദ്‌നാദിഗുളിക, പുളിലേഹ്യം എന്നിവയിൽ പനിക്കൂർക്കചേർക്കാറുണ്ട്. ഇതിലടങ്ങിയിരിക്കുന്ന കാർവക്രോൾ നല്ലൊരു ആന്റി ബയോട്ടിക്കാണ്.

നാം പറമ്പതിരിൽനിന്ന് പറിച്ചുമാറ്റിയ പനിക്കൂർക്ക ചട്ടിയിൽ വളർത്താൻ നിറയെ തുടങ്ങാം.