top of page

നെയ്ക്കുമ്പളം കൃഷി

നെയ്ക്കുമ്പളം കൃഷി

നമ്മുടെ നാട്ടിൽ അന്യം നിന്ന് പോകുന്ന നാടൻ വിളകളിൽ ഒന്നാണ് നെയ്ക്കുമ്പളം. കുമ്പളങ്ങകളിൽ ഔഷധഗുണമുള്ള ഇനമാണ് നെയ്ക്കുമ്പളം വൈദ്യകുമ്പളമെന്നും ഇതിനു പേരുണ്ട്. ചെറിയ തരത്തിലുള്ള നാടൻകുമ്പളങ്ങയാണിത് വിളഞ്ഞു കഴിഞ്ഞാൽ ഇതിൽ വെള്ളപൊടിതൂവിയത് പോലെ കാണാം .

സാധാരണ കുമ്പളത്തിനേക്കാൾ വലിപ്പം കുറവായ നെയ്ക്കുമ്പളം ഗുണത്തിൽ വളരെ മുന്നിലാണ്. ഔഷധഗുണമുള്ളതിനാലും ആയുർവേദ മരുന്നുകളിൽ ധാരാളമായി ഉപയോഗിക്കുന്നതിനാലുമാണ് നെയ്ക്കുമ്പളത്തിന് വൈദ്യ കുമ്പളം എന്ന പേരുകിട്ടിയത്. കൂശ്മാണ്ഡാസവം, കൂശ്മാണ്ഡഘൃതം, ദശ സ്വാരസഘൃതം, വാശാദികഷായം തുടങ്ങിയ ഔഷധങ്ങളില്‍ നെയ്ക്കുമ്പളം പ്രധാന ചേരുവയാണ്.

നെയ്ക്കുമ്പളം കൃഷി വളരെ ലളിതമാണ് .ഓഗസ്റ്റ് സെപ്തംബര് മാസങ്ങളിലാണ് നെയ്ക്കുമ്പളം വിത്തുപാകി മുളപ്പിച്ചു നടാൻ പറ്റിയ സമയം. അധികം പരിചരണം ആവശ്യമില്ലാത്ത നെയ്ക്കുമ്പളം നട്ട്‌ സമീപത്തുള്ള മരങ്ങളിൽ കയറ്റികൊടുത്താൽ ധാരാളം കായ്കൾ ഉണ്ടാകും അല്ലെങ്കിൽ പന്തൽ ഇട്ടുകൊടുത്തും വളർത്താം. 200 മുതൽ 500 ഗ്രാം വരെ തൂക്കമേ കായ്കൾക്ക് ഉണ്ടാവുകയുളൂ.അതീവ രുചികരമായ നെയ്ക്കുമ്പളം മൂപ്പെത്താതെയും കറിവയ്ക്കാം മൂപ്പെത്തിയ കായ്കൾ മൂന്നോ നാലോ മാസങ്ങൾ കേടുവരാതെ സൂക്ഷിച്ചു വയ്ക്കാം. 

നെയ്ക്കുമ്പളം നീര് പതിവായി കഴിക്കുന്നത് വാത-പിത്ത രോഗങ്ങള്‍ ശമിപ്പി ക്കുന്നു. ആമാശയരോഗത്തിനും ഉത്തമം. മുറിവുണ്ടായാല്‍ ഇതിന്റെ ഇല ചതച്ചുകെട്ടി രക്ത മൊലിപ്പ് നിര്‍ത്താം. രക്തസമ്മര്‍ദ്ദം, പ്രമേഹം, ദുര്‍മേദസ് എന്നിവയ്ക്കും മരുന്നാണ്. ശരീരം തണുപ്പിക്കുവാനും നന്ന്. ദിവസവും വെറും വയറ്റില്‍ നെയ്ക്കുമ്പളങ്ങയുടെ നീര് കഴിച്ചാല്‍ അമിതവണ്ണം, പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവ കുറയും.

തടങ്ങള്‍ 60 സെ.മീ. വ്യാസത്തിലും 35 സെ.മീ. താഴ്ചയിലും 2 മീറ്റര്‍ അകലത്തിലും എടുത്ത തടത്തിൽ 10 കിലോ ഉണങ്ങിയ ചാണകപ്പൊടി, ഉണങ്ങിയ ഇലകള്‍, അല്പം വേപ്പിന്‍ പിണ്ണാക്ക് എന്നിവ കൂട്ടിചേര്‍ത്ത് തലേദിവസം വെള്ളത്തിൽ ഇട്ടുവച്ച വിത്തുകൾ പാവാം .നാലഞ്ച് ദിവസം ഇടവിട്ട് മിതമായി നനച്ചുകൊടുക്കണം.ഒരാഴ്ചകൊണ്ട് വിത്തുകള്‍ മുളയ്ക്കും.രണ്ടു മാസം പ്രായമാകുന്നതോടെ ചെടി പൂവിടാന്‍ തുടങ്ങും. ഇതിന് ഒരാഴ്ചമുമ്പ് നനയുടെ അളവ് കുറയ്ക്കണം. പൂവിടുന്നതോടെ തടമൊന്നിന് 250ഗ്രാം കപ്പലണ്ടിപ്പിണ്ണാക്ക് (കടലപ്പിണ്ണാക്ക്) 500 ഗ്രാം ചാരം എന്നിവ ചേര്‍ത്തു കൊടുക്കണം.പഞ്ചഗവ്യലായനി തളിക്കുന്നത് കൂടുതല്‍ കായ്പിടുത്തത്തിന് ഉപകരിക്കും.

അധികം കീടരോഗബാധകള്‍ കാണാറില്ല. കുരുടിപ്പിന് വെളുത്തുള്ളി വേപ്പെണ്ണ സോപ്പ് മിശ്രിതം ഉപയോഗിച്ചാല്‍ മതി. മഞ്ഞളിപ്പ് കണ്ടാല്‍ തലമുറിച്ച് തൈര് വെച്ച് കെട്ടിയാല്‍ പുതുതായിട്ടുണ്ടാകുന്ന ഭാഗം രോഗവിമുക്തമായിരിക്കും.80-100 ദിവസം കൊണ്ട് വളര്‍ച്ച പൂര്‍ത്തിയാകും. ചെടികള്‍ ഉണങ്ങുന്നതോടെ കായകള്‍ മൂപ്പെത്തുന്നു. പുറന്തോടിന് കട്ടികൂടുതലുള്ളതിനാല്‍ ദീര്‍ഘകാലം സൂക്ഷിക്കാനാവും. ഒരു ചെറിയ കുടുംബത്തിന് കറിവെക്കാന്‍ പാകത്തിനുള്ളതാണ് നെയ്ക്കുമ്പളം. 200 മുതല്‍ 500 ഗ്രാം വരെയും 500 മുതല്‍ 1 കിലോവരെയും വലിപ്പമുള്ള രണ്ടുതരം നെയ്ക്കുമ്പളങ്ങള്‍ നിലവിലുണ്ട്.ഔഷധഗുണം ഏറെയുള്ളതിനാല്‍ ഒരു കുമ്പളങ്ങയ്ക്ക് വിപണിയിൽ അമ്പതുരൂപ വരെ വില ലഭിക്കും.