ചെറുപയര്‍,ഉഴുന്ന്,മുതിര കൃഷി

വന്‍പയര്‍,ചെറുപയര്‍,ഉഴുന്ന്,മുതിര തുടങ്ങിയവയുടെ കൃഷിരീതിക്ക് വളരെ സാധ്യതയുള്ള സമയമാണ് ഇപ്പോള്‍. പയര്‍വര്‍ഗ വിളകള്‍ കൃഷി ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഇവിടെ സൂചിപ്പിക്കുന്നത്.
കേരളത്തില്‍ പൊതുവേ പുളിരസമുള്ള മണ്ണായതിനാല്‍ ഏക്കറിന് 100 കിലോഗ്രാം കുമ്മായം നിലം ഉഴുന്ന സമയത്ത് തന്നെ മണ്ണില്‍ ചേര്‍ക്കണം. പയര്‍ വര്‍ഗവിളകള്‍ക്ക് വളരെ ആവശ്യമായ മൂലകമാണ് കാല്‍സ്യം. മണ്ണില്‍ ചേര്‍ക്കുന്ന കുമ്മായത്തെ അടിസ്ഥാനപ്പെടുത്തിയാണ് പയര്‍ കൃഷിയുടെ വിജയം.
വിത്ത് വിതയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഏക്കറിന് 8 മുതല്‍ 10 കിലോഗ്രാം വിത്ത് ആവശ്യമാണ്. വിത്ത് പാടത്ത്/പറമ്പില്‍ വിതയ്ക്കുകയോ നുരി ഇടുകയോ ചെയ്യാവുന്നതാണ്. ഓരോ പയര്‍ വര്‍ഗവിള കൃഷി ചെയ്യുമ്പോഴും മണ്ണില്‍ റൈസോബിയം, ഭാവക ലായക ബാക്റ്റീരിയ എന്നിവ ഒരുമിച്ച് വിത്തില്‍ പുരട്ടി നല്‍കുന്നത് മികച്ച വിളവിനും മണ്ണിന്റെ ഫലപുഷ്ടി ഉയര്‍ത്തുന്നതിനും സഹായിക്കുന്നു. PGPR മിശ്രിതങ്ങള്‍ ചേര്‍ക്കുന്നത് വളത്തിന്റെ ലഭ്യത ഉയര്‍ത്തുന്നതിനും രോഗനിയന്ത്രണത്തിനും സഹായിക്കുന്നു.
വളപ്രയോഗം
വളരെ കുറച്ച് രാസവളം മാത്രമാണ് ഇത്തരം ചെടികള്‍ക്ക് ആവശ്യമായി വരുന്നത്. ഏക്കറിന് 17 കിലോഗ്രാം യൂറിയ, 66 കിലോഗ്രാം ഫോസ്ഫറസ് വളങ്ങള്‍ (രാജ്‌ഫോസ്/മസ്സൂറിഫോസ്), 7 കിലോഗ്രാം പൊട്ടാഷും മതിയാകും.പകുതി യൂറിയയും മുഴുവന്‍ ഫോസ്ഫറസ് വളവും, പൊട്ടാഷ് വളവും പയര്‍ വിത്ത് നടുന്ന സമയം മണ്ണില്‍ ചേര്‍ത്ത് കൊടുക്കാം. ശേഷിക്കുന്ന പകുതി യൂറിയ 15 ദിവസത്തിനുശേഷം മണ്ണില്‍ മേല്‍വളമായി ചേര്‍ക്കാം. ഉണങ്ങിയ ഇലകള്‍ കൊണ്ട് പയര്‍ കൃഷിക്ക് പുതയിടുന്ന കര്‍ഷകര്‍ മുഴുവന്‍ രാസവളവും അടിവളമായി ചേര്‍ക്കണം. അതിനുശേഷമാണ് പുതയിടല്‍ നല്‍കേണ്ടത്.
വിത്തിനങ്ങളും ലഭ്യതയും
യഥാസമയം ആവശ്യത്തിന് ഗുണമേന്മയുള്ള വിത്തുകള്‍ ലഭ്യമല്ല എന്നതാണ് കര്‍ഷകര്‍ നേരിടുന്ന യഥാര്‍ഥ വെല്ലുവിളി. നാഷണല്‍ സീഡ് കോര്‍പ്പറേഷന്‍, കേരള കാര്‍ഷിക സര്‍വകലാശാല, തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാല എന്നീ സ്ഥലങ്ങളില്‍ നിന്നും ഗുണനിലവാരമുള്ള പയര്‍ വിത്തുകള്‍ ലഭ്യമാണ്.
വന്‍പയര്‍: ഭാഗ്യലക്ഷ്മി, അനശ്വര,കനകമണി,ഹൃദ്യ,ശ്രേയ DCS 471, DC15, PGPP6 എന്നിവ.
ചെറുപയര്‍: ഫിലിപ്പൈന്‍സ്, പൂസ8973,
ഉഴുന്ന് : ശ്യാമ, സുമജ്ഞന,
പാലക്കാട് ജില്ലയിലെ പട്ടാമ്പി പ്രാദേശിക കാര്‍ഷിക പരീക്ഷണങ്ങള്‍ക്കായി വിത്തുകള്‍ ചില സമയങ്ങളില്‍ ലഭ്യമാകാറുണ്ട്. മേല്‍ സൂചിപ്പിച്ച എല്ലാ പയര്‍വര്‍ഗവിളകളും കുറ്റിയായി വളരുന്നതിനാല്‍ പന്തല്‍ ആവശ്യമില്ല. ഭാഗ്യലക്ഷ്മി ഒഴികെയുള്ള എല്ലാ ഇനങ്ങളും മണിപ്പയര്‍ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു. PGCP-6 പയറിനം വേനല്‍ക്കാല കൃഷിക്ക് വളരെ അനുയോജ്യമാണ്.