ആടുവളർത്തൽ
കൂടു നിര്‍മ്മാണം
കേരളത്തില്‍ ആടുകളെ വളര്‍ത്തുന്നത് പ്രധാനമായും സെമി ഇന്റന്‍സീവ് സിസ്റ്റത്തിലാണ്. പകല്‍ സമയം നിശ്ചിത സമയങ്ങളില്‍ ആടുകളെ മേയാന്‍ വിടുകയും രാത്രികാലങ്ങളില്‍ കൂടുകളില്‍ പാര്‍പ്പിക്കുകയും ചെയ്യുന്ന രീതിയാണിത്. ആടുകളെ കൂടുകളില്‍ മാത്രം വളര്‍ത്തിയുള്ള ഇന്റന്‍സീവ് സിസ്റ്റം, പകല്‍ സമയം തെങ്ങിന്‍ തോപ്പുകളിലും, റബ്ബര്‍ തോട്ടങ്ങിലും ഇടവിളയായി തോട്ടപ്പുല്ല് കൃഷി ചെയ്ത സ്ഥലത്ത് മേയാന്‍ വിടുന്ന സംയോജിത കൃഷിരീതി എന്നിവയും ആടുവളര്‍ത്തലില്‍ അനുവര്‍ത്തിക്കാവുന്നതാണ്.
വെള്ളം കെട്ടി നില്‍ക്കാത്തതും തറനിരപ്പില്‍ നിന്നും ഉയര്‍ന്നതുമായ സ്ഥലത്ത് പ്രാദേശികമായി ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച് കിഴക്ക് പടിഞ്ഞാറ് ദിശയില്‍ ആട്ടിന്‍കൂട് നിര്‍മ്മിക്കണം. തണുത്ത കാറ്റടിക്കുന്ന സ്ഥലം ആടുവളര്‍ത്തലിന് യോജിച്ചതല്ല. തറയ്ക്ക് ഭൂനിരപ്പില്‍ നിന്നും ഒരടി ഉയരം വേണം. ആടുകള്‍ക്കു വേണ്ടി തടി, ഈറ്റ, കവുങ്ങ് എന്നിവയിലേതെങ്കിലുമൊന്ന് ഉപയോഗിച്ച് മുക്കാല്‍ മീറ്റര്‍ ഉയരത്തില്‍ പ്ലാറ്റ് ഫോം നിര്‍മ്മിക്കാം. കൂട്ടില്‍ ആടൊന്നിന് 1.8 ചതുരശ്രമീറ്റര്‍ എന്ന തോതിലും മുട്ടനാടിന് 2.5 ചതുരശ്രമീറ്റര്‍ എന്ന തോതിലും സ്ഥലമുണ്ടായിരിക്കണം. മുട്ടനാടുകള്‍, ആട്ടിന്‍കുട്ടികള്‍, ചെനയുള്ള ആടുകള്‍ മുതലായവയ്ക്ക് വെവ്വേറെ കൂടുകള്‍ വേണം. മേല്‍ക്കൂര ഭിത്തിയില്‍ നിന്നും മൂന്നടിയെങ്കിലും താഴ്ന്നിരിക്കണം. മേല്‍ക്കൂര നിര്‍മ്മിക്കുന്നതിന് ഓട്, ഓല, ലൈറ്റ് റൂഫിങ്ങ് എന്നിവയിലേതെങ്കിലും ഒന്ന് ഉപയോഗിക്കാം. കുട്ടിക്ക് യഥേഷ്ടം വായുസഞ്ചാരം വേണം. വശങ്ങളില്‍ കമ്പിവല ഘടിപ്പിക്കാം. ആടുകള്‍ക്ക് യഥേഷ്ടം പച്ചിലകള്‍, വെള്ളം എന്നിവ നല്‍കാനുള്ള സൗകര്യം കൂട്ടില്‍ ഒരുക്കിയിരി ക്കണം.
ആടുവളര്‍ത്തലിന്റെ ചെലവില്‍ 75%-ത്തിലധികവും തീറ്റയ്ക്കു വേണ്ടി വരുന്നതിനാല്‍ കൂടുതല്‍ വിസ്തൃതിയുള്ള സ്ഥലങ്ങളില്‍ ആടു ഫാം തുടങ്ങുന്നത് ലാഭകരമായിരിക്കും. സ്വയം തൊഴില്‍, ഉപതൊഴില്‍ മേഖലയായും ആടുകളെ വളര്‍ത്താവുന്നതാണ്.ആടു ഫാം തുടങ്ങാന്‍ ഇന്ന് നിരവധി പേര്‍ താല്‍പര്യം പ്രകടിപ്പിച്ചു വരുന്നു. മുടക്കു മുതലില്‍ നിന്നുള്ള ലാഭം തന്നെയാണ് ഏറെപ്പേരെയും ഇതിലേക്ക് ആകര്‍ഷിക്കുന്നത്.
കേരളത്തിന്റെ തനത് ആടു ജനുസ്സുകളായ മലബാറി, ആട്ടപ്പാടി ബ്ലാക്ക്, സങ്കരയിനം ആടുകളെ വളര്‍ത്താം. ഉത്തരേന്ത്യന്‍ ആടുകളായി ജമുനാപാരിയെയും, മറ്റ് ഇന്ത്യന്‍ ജനുസ്സുകളെയും വളര്‍ത്തുന്നവരുണ്ട്. വിദേശജനുസ്സുകളായ ബോയര്‍, ആല്‍പ്പൈന്‍, സാനന്‍ എന്നിവയെ വളര്‍ത്താന്‍ ചിലര്‍ താല്‍പര്യം പ്രകടിപ്പിച്ചു വരുന്നു. എന്നാല്‍ വിദേശ ഇനങ്ങളെക്കാള്‍ നല്ലത് സങ്കരയിനം ആടുകളാണെന്ന് ഗവേഷണപഠനങ്ങള്‍ സൂചിപ്പിക്കുന്നു.
ആട് ഫാം തുടങ്ങുമ്പോള്‍ 10 പെണ്ണാടിന് ഒരു മുട്ടനാട് എന്ന തോതില്‍ മതിയാകും. ഒരിക്കലും ഫാം തുടങ്ങുമ്പോള്‍ കൂടുതല്‍ എണ്ണം ആടുകളെ ഒരുമിച്ച് വളര്‍ത്തരുത്. തുടക്കത്തില്‍ 50-100 ആടുകളില്‍ തുടങ്ങാം. ഉദാഹരണമായി 50 ആടുകളുള്ള ഫാം തുടങ്ങുമ്പോള്‍ 25 പ്രസവിച്ച ആടുകളെയും, കുട്ടികളെയും ഉള്‍പ്പെടുത്താം.. വിവധ പ്രായത്തിലുള്ള ആടുകളെ വാങ്ങാന്‍ ശ്രദ്ധിക്കണം. 3 വയസ്സില്‍ താഴെ പ്രായമുള്ള ആടുകളെ വാങ്ങണം. കൂടാതെ ഒരു വര്‍ഷം പ്രായത്തിലുള്ള 21 പെണ്ണാടുകളെയും 4 മുട്ടനാടുകളെയും വളര്‍ത്താം. ആട്ടിന്‍ കുട്ടികളുടെ എണ്ണം 50-ല്‍പ്പെടുത്തുകയില്ല.
യഥേഷ്ടം വെള്ളം, വൈദ്യുതി, വാഹനസൗകര്യം, തീറ്റപ്പുല്‍ കൃഷി ചെയ്യാനുള്ള സ്ഥലം എന്നിവ ഫാമുകള്‍ക്ക് അത്യാവശ്യമാണ്. തീറ്റപ്പുല്ല് നല്‍കാതെ സമീകൃത തീറ്റ മാത്രം നല്‍കി ആടുകളെ വളര്‍ത്തുന്നത് ലാഭം കുറയാന്‍ ഇടവരുത്തും. പ്രാദേശികമായി ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ആടുകള്‍ക്ക് കുറഞ്ഞ ചിലവില്‍ തീറ്റ നിര്‍മ്മിക്കാം.
ആടുവളര്‍ത്തലിന് നിരവധി മേന്മകളുണ്ട്. ഉയര്‍ന്ന വളര്‍ച്ചാ നിരക്ക്, തീറ്റ പരിവര്‍ത്തനശേഷി, വര്‍ദ്ധിച്ച പ്രജനനക്ഷമത, പോഷകമൂല്യമേറിയ ഇറച്ചി, പാല്‍ എന്നിവ ആടുവളര്‍ത്തലിന്റെ സവിശേഷതകളാണ്.
കഴിഞ്ഞ കാല്‍ നൂറ്റാണ്ടു കാലയളവില്‍ രാജ്യത്ത് ആടുവളര്‍ത്തലില്‍ 140 ശതമാനത്തിലധികം വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വിപണന ഭീഷണി നേരിടാത്തതും ആട്ടിറച്ചിയുടെ വര്‍ദ്ധിച്ച ആവശ്യകതയും ആടുവളര്‍ത്തല്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
മുന്‍കാലങ്ങളില്‍ ആടുകളെ പാലിനും, ഇറച്ചിയ്ക്കും വേണ്ടി വളര്‍ത്തിയിരുന്നെങ്കില്‍ ഇപ്പോള്‍ ഇറച്ചിയ്ക്കു വേണ്ടിയാണ് കൂടുതലായും വളര്‍ത്തുന്നത്. എന്നാല്‍, ആട്ടിന്‍പാലിന്റെ സവിശേഷതകള്‍ മനസ്സിലാക്കി ഗള്‍ഫ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തു വരുന്നുണ്ട്. ജനിതക എന്‍ജിനീയറിങ്ങ് വഴി ഉരുത്തിരിച്ചെടുത്ത ട്രാന്‍സ്ജനിക് ആടുകളില്‍ നിന്നുള്ള പാല്‍ ഔഷധ നിര്‍മ്മാണത്തിന് ഉപയോഗിച്ചു വരുന്നു. കൊഴുപ്പു കണികകളുടെ വലിപ്പം കുറവായതിനാലും, രോഗ പ്രതിരോധ പ്രേരകങ്ങളും അമിനോ അമ്ലങ്ങളും കൂടിയ അളവിലുള്ളതിനാലും ആട്ടിന്‍കുട്ടികള്‍ക്കും പ്രായമായവര്‍ക്കും രോഗികള്‍ക്കും ഒരുപോലെ യോജിച്ചതാണ്.പോഷകമൂല്യത്തില്‍ ആട്ടിറച്ചി മുന്നിട്ടു നില്‍ക്കുന്നു. വന്‍ കയറ്റുമതി സാധ്യതയും ആട്ടിറച്ചിക്കുണ്ട്.
ആട് ഫാം തുടങ്ങുമ്പോള്‍ ആടുകളെ 8 മാസം പ്രായത്തില്‍ ഇറച്ചിക്കുവേണ്ടി വില്‍പന നടത്തുന്ന രീതിയിലാണ് സംവിധാനം ചെയ്യുന്നത്. ഒരു പ്രസവത്തില്‍ 1-3 കുട്ടികള്‍ വരെ ഉണ്ടാകുമെങ്കിലും ശരാശരി 1.5 കുട്ടികള്‍ എന്നതാണ് കണക്ക്. ആടുകളെ കിലോയ്ക്ക് 150 രൂപയ്ക്ക് വില്‍പന നടത്താം. ആട്ടിന്‍ കാഷ്ഠം, കാലിച്ചാക്ക് എന്നിവ വില്‍പന നടത്തിയും വരുമാനം നേടാം.
ആട്ടിന്‍ കാഷ്ഠം ഉണക്കി 1-2 കി.ഗ്രാം പാക്കറ്റിലാക്കി പച്ചക്കറിയ്ക്കും പൂന്തോട്ടത്തിനുമുള്ള സമ്മിശ്ര വളമായി (Vegetable/garden manure) വില്പന നടത്താം. ഉത്പന്ന വൈവിധ്യകരണത്തിലൂടെ ആടുവളര്‍ത്തലില്‍ നിന്നും മികച്ച ആദായം നേടാം.
ആട് ജനുസ്സുകള്‍ഇന്ത്യയില്‍ വളര്‍ത്തി വരുന്ന 20-ഓളം ഇനം ആടുകളില്‍ 40 ശതമാനത്തോളം രാജസ്ഥാന്‍, ബീഹാര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണുള്ളത്. ജമുനാപാരി, ബീറ്റാല്‍, ബാര്‍ബാറി, ഘരാന, പാഷ്മിന, മലബാറി എന്നിവ ഇവയില്‍ പ്രധാനപ്പെട്ടവയാണ്.
മലബാറി ആടുകള്‍
വടക്കന്‍ കേരളത്തിലെ കണ്ണൂര്‍, തലശ്ശേരി, വടകര പ്രദേശങ്ങളില്‍ ഉരുത്തിരിഞ്ഞവയാണ് മലബാറി ആടുകള്‍. ഇവ തലശ്ശേരി ആടുകള്‍ എന്ന പേരിലും അറിയപ്പെടുന്നു. കച്ചവടത്തിനെത്തിയ അറബികളുടെ വിദേശയിനം ആടുകള്‍ നാടന്‍ ഇനവുമായി ചേര്‍ന്നാണ് 'മലബാറി' രൂപം കൊണ്ടതെന്ന് പറയപ്പെടുന്നു. ഇവ പ്രജനനക്ഷമത, പാലുത്പാദനശേഷി, രോഗപ്രതിരോധശേഷി എന്നിവയില്‍ മുന്നിട്ടു നില്‍ക്കുന്നു. തൂവെള്ള മുതല്‍ എണ്ണക്കറുപ്പുവരെ പല നിറങ്ങളിലും ഇവയെ കണ്ടുവരുന്നു. ഇടത്തരം ആകൃതിയിലുള്ള തല, നീളമുള്ള ചെവി, താടിക്കു ചുറ്റും തൂങ്ങി നില്‍ക്കുന്ന ലോലാക്കുകള്‍ (tussels) എന്നിവ പ്രത്യേകതകളാണ്.
അട്ടപ്പാടി ബ്ലാക്ക്
പാലക്കാട് ജില്ലയിലെ അട്ടപ്പാടി മേഖലയില്‍ ഉരുത്തിരിഞ്ഞ ഇനമാണ് അട്ടപ്പാടി ബ്ലാക്ക്. ഇവ കുറിയ ഇനവും കറുപ്പുനിറത്തിലുള്ളവയുമാണ്. മലബാറിയെ അപേക്ഷിച്ച് രോഗപ്രതിരോധശേഷി കൂടുതലാണ്. പാലുല്പാദനത്തില്‍ പിറകിലാണ്. മലബാറി, അട്ടപ്പാടിബ്ലാക്ക് ആടിനങ്ങളെ സംരക്ഷിക്കുവാനുള്ള പദ്ധതി കേരള കാര്‍ഷിക സര്‍വ്വകലാശാലയും, മൃഗസംരംക്ഷണവകുപ്പും നടപ്പിലാക്കി വരുന്നു.നാടന്‍ ഇനം ആടുകള്‍, നാടന്‍ വിദേശ ഇനങ്ങളുമായി ചേര്‍ന്നുള്ള സങ്കരയിനങ്ങള്‍, ജമുനാപാരി എന്നിവയെയും കേരളത്തില്‍ വളര്‍ത്തി വരുന്നു.ഇറച്ചിയ്ക്കു വേണ്ടിയാണ് ആടുകളെ കൂടുതലായും വളര്‍ത്തി വരുന്നത്.
ആട്ടിന്‍കുട്ടികളെ തിരഞ്ഞെടുക്കുമ്പോള്‍
6 മാസത്തിനുമേല്‍ പ്രായമുള്ള മലബാറി, അട്ടപ്പാടി ബ്ലാക്ക്, സങ്കരയിനം ആട്ടിന്‍കുട്ടികളെ തിരഞ്ഞെടുക്കാം. ഇവയ്ക്ക് ശരാശരി 10 കിലോ ശരീരതൂക്കമുണ്ടായിരിക്കണം. ഒരു വയസ്സുള്ള ആട്ടിന്‍കുട്ടിക്ക് 20 കിലോ തൂക്കം വേണം. തള്ളയാടിന്റെ ഉത്പാദനക്ഷമതയ്ക്ക് മുന്‍തൂക്കം നല്‍കണം. ആദ്യ പ്രസവം രണ്ടുവര്‍ഷത്തിനുള്ളിലായിരിക്കണം.
പ്രായത്തിനൊത്ത ശരീരതൂക്കവും, മിനുസ്സമുള്ള രോമങ്ങളും തൊലിയുമുള്ള ആരോഗ്യമുള്ള ആടുകളെ വാങ്ങണം.കറവയാടുകളുടെ അകിട് മൃദുവായിരിക്കണം. വയറിന്റെ അടിവശത്ത് പ്രകടമായ പാല്‍ഞരമ്പുമുണ്ടായിരിക്കണം. നീളമുള്ള ഉടല്‍, വലിയ ഉദരം, ബലിഷ്ഠമായ കാലുകള്‍, തൂങ്ങിനില്‍ക്കുന്ന വാരിയെല്ലുകള്‍, കറവയ്ക്കുശേഷം ചുരുങ്ങുന്ന മുലക്കാമ്പുകള്‍ മുതലായവ ഉണ്ടായിരിക്കണം.
മുട്ടനാടുകള്‍ കൂടുതല്‍ ശരീരതൂക്കമുള്ളവയും ബലിഷ്ഠമായ കാലുകളുള്ളവയും, പൂര്‍ണ്ണആരോഗ്യത്തിലുള്ളവയുമായിരിക്കണം. പ്രായക്കൂടുതലുള്ള മുട്ടനാടുകളെ വാങ്ങരുത്.
പരിചരണവും തീറ്റക്രമവും
ജനിച്ച് അരമണിക്കൂറിനകം തന്നെ ആട്ടിന്‍കുട്ടികളുടെ മൂക്ക് തുടച്ച് വൃത്തിയാക്കണം. പിന്‍കാലുകള്‍ ഉയര്‍ത്തിപ്പിടിച്ച് കുറച്ചു സമയം ആട്ടുന്നത് ശ്വാസോച്ഛ്വാസം ക്രമീകരിക്കാന്‍ സഹായിക്കും. അഴുക്കില്ലാത്ത പരുത്തിത്തുണികൊണ്ട് കുട്ടിയുടെ ദേഹം തുടച്ചു വൃത്തിയാക്കി തള്ളയാടിന്റെ മുന്നിലാക്കണം. പ്രസവിച്ച് അരമണിക്കൂറിനകം തന്നെ ആട്ടിന്‍കുട്ടികളെ കൊളസ്ട്രം (കന്നിപ്പാല്‍) കുടിപ്പിക്കണം. ആവശ്യത്തിലധികം വരുന്ന കന്നിപ്പാല്‍ കറന്നെടുത്ത് സൂക്ഷിച്ച് പുളിപ്പിച്ച കന്നിപ്പാലായി (Soured colostrum) നല്‍കാവുന്നതാണ്. ജനിച്ച് അരമണിക്കൂറിനകം തന്നെ എഴുന്നേറ്റ് നടക്കാന്‍ തുടങ്ങുന്ന ആട്ടിന്‍കുട്ടികള്‍ തള്ളയാടിന്റെ മുലക്കാമ്പ് വായ്ക്കകത്താക്കിയാല്‍ തനിയെ പാല്‍ കുടിക്കുവാനുള്ള ശേഷി കൈവരിക്കും.
കേരളത്തില്‍ ആടുവളര്‍ത്തുന്നവരില്‍ പാല്‍ കറന്നെടുക്കുന്നവരും അല്ലാത്തവരുമുണ്ട്. അത്യുത്പാദനശേഷിയുള്ള ആടുകളില്‍ നിന്നും ആട്ടിന്‍കുട്ടിയുടെ ആവശ്യം കഴിച്ച് ബാക്കിയുള്ള പാല്‍ കറന്നെടുക്കാം. ആട്ടിന്‍പാല്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തു വരുന്നുമുണ്ട്. ആട്ടിന്‍കുട്ടികള്‍ക്ക് ആദ്യത്തെ മാസം ശരീരതൂക്കത്തിന്റെ 1/6 ഭാഗവും 2-ാം മാസം 1/8 ഭാഗവും 3-ാം മാസം 1/10 ഭാഗവും പാല്‍ 2-3 തവണകളായി കുടിക്കാന്‍ കൊടുക്കണം.
രണ്ടാഴ്ച പ്രായത്തില്‍ തന്നെ ആട്ടിന്‍കുട്ടികള്‍ ചെറുതായി പച്ചപ്പുല്ല്, പച്ചിലകള്‍ എന്നിവ തിന്നാന്‍ തുടങ്ങും. ഈ പ്രായത്തില്‍ തന്നെ കുറഞ്ഞ അളവില്‍ സമീകൃത ആട്ടിന്‍തീറ്റ, പിണ്ണാക്ക്, തവിട് മുതലായവ ചെറുതായി വെള്ളത്തില്‍ കുതിര്‍ത്ത് നല്‍കിത്തുടങ്ങാം. 20 ശതമാനം ആകെ ദഹ്യമാംസ്യവും 70 ശതമാനം ആകെ ദഹ്യ പോഷകങ്ങളുമടങ്ങിയ തീറ്റയും പച്ചപ്പുല്ലും ആട്ടിന്‍കുട്ടികള്‍ക്ക് നല്‍കാവുന്നതാണ്.
താഴെ കൊടുത്തിരിക്കുന്ന ചേരുവകള്‍ നിശ്ചിത അനുപാതത്തില്‍ ചേര്‍ത്ത് ആട്ടിന്‍കുട്ടികള്‍ക്കുള്ള സമീകൃത തീറ്റ നിര്‍മ്മിക്കാം.
1. നിലക്കടല പിണ്ണാക്ക് 12%
2. മുതിര 30%
3. ഗോതമ്പ്/ചോളം/ ഉണക്ക കപ്പ 30%
4. ഉപ്പിടാത്ത ഉണക്ക മത്സ്യം 10%
5. അരിത്തവിട്/ഗോതമ്പു തവിട് 15%
6. ധാതുലവണ മിശ്രിതം 1.5%
7. കറിയുപ്പ് 1.5%
വിറ്റാമിന്‍ മിശ്രിതം അആ2ഉ3 - 100 കി.ഗ്രാം തീറ്റയില്‍ 25 ഗ്രാം. എന്ന തോതില്‍ ചേര്‍ക്കാം.
ആട്ടിന്‍കുട്ടികള്‍ക്ക് 3 മാസം പ്രായമെത്തുംവരെ നിര്‍ബന്ധമായും പാല്‍ നല്‍കേണ്ടതാണ്. 2-3 മാസം പ്രായത്തില്‍ ദിവസേന 100-150 ഗ്രാം തീറ്റ, 250 ഗ്രാം പച്ചപ്പുല്ല് എന്നിവ നല്‍കേണ്ടതാണ്. 3-4 മാസത്തില്‍ ഇത് യഥാക്രമം 200-250-ഉം, 500 ഗ്രാമുമാക്കണം. 5-6 മാസത്തില്‍ ദിവസേന 250-300 ഗ്രാം. തീറ്റയും 150 ഗ്രാം പച്ചിലകളും, പച്ചപ്പുല്ലും നല്‍കേണ്ടതാണ്.
കറവയാടുകള്‍ക്ക് ദിവസേന 300 ഗ്രാം. തീറ്റയും 750-1500 ഗ്രാം പച്ചിലകളും നല്‍കണം. ആട് മൂന്ന് മാസത്തിനുമേല്‍ ചെനയുള്ളതാണെങ്കില്‍ 100-200 ഗ്രാം തീറ്റ കൂടുതലായി നല്‍കണം. മുട്ടനാടുകള്‍ക്ക് ദിവസേന 300-500 ഗ്രാം. സമീകൃത ആട്ടിന്‍തീറ്റയും 3-5 കി.ഗ്രാം പച്ചപ്പുല്ലും നല്‍കണം. ആടുകള്‍ക്ക് തീറ്റയില്‍ കടലപ്പിണ്ണാക്ക്, തേങ്ങപ്പിണ്ണാക്ക്, അരിത്തവിട്, ഗോതമ്പ് തവിട് മുതലായവയും മുരിക്കില, വാഴയില, പ്ലാവില, പച്ചപ്പുല്ല് തീറ്റപ്പുല്ല് എന്നിവയും നല്‍കാം. ശുദ്ധജലം യഥേഷ്ടം കുടിക്കാന്‍ നല്‍കണം.
ആട്ടിന്‍തീറ്റ നിര്‍മ്മാണരംഗത്ത് നൂതന പ്രവണതകള്‍ ദൃശ്യമാണ്. ആടുകള്‍ക്ക് ഗുളിക, പെല്ലറ്റ്, പൊടിരൂപത്തിലുള്ള തീറ്റ ഇന്ന് വിപണിയില്‍ ലഭ്യമാണ്. പച്ചിലകള്‍/പച്ചപ്പുല്ല് എന്നിവയ്ക്ക് പകരം പരുഷാഹാരങ്ങള്‍ ഗുളിക രൂപത്തില്‍ രൂപപ്പെടുത്തിയെടുത്ത് പച്ചിലകളും പച്ചപ്പുല്ലും നല്‍കാതെ ആടുകള്‍ക്കാവശ്യമായ എല്ലാ പോഷകഘടകങ്ങളുമടങ്ങിയ പ്രത്യേക ആട്ടിന്‍തീറ്റയും വിപണിയില്‍ ലഭ്യമാണ്. പോഷക മേന്മ കൂടുതലുള്ള ബൈപ്പാസ് പ്രോട്ടീന്‍ തീറ്റയും വിപണിയിലുണ്ട്.
രോഗനിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
ആട്ടിന്‍കുട്ടികള്‍ക്ക് മൂന്നാഴ്ച പ്രായത്തില്‍ ആദ്യ വിരമരുന്ന് നല്‍കണം. മാസം തോറും തുടര്‍ച്ചയായി 6 മാസം വരെ വിരമരുന്ന് നല്‍കണം. തുടര്‍ന്ന് ആവശ്യമെങ്കില്‍ വെറ്ററിനറി സര്‍ജ്ജന്റെ ഉപദേശപ്രകാരം 3 മാസത്തിലൊരിക്കല്‍ ബ്രോഡ് സ്‌പെക്ട്രം വിരമരുന്ന് നല്‍കാം.
6 മാസം പ്രായത്തില്‍ ആടുകള്‍ക്ക് കുളമ്പുരോഗം, കുരലടപ്പന്‍, ആന്ത്രാക്‌സ് രോഗത്തിനെതിരായുള്ള പ്രതിരോധകുത്തിവെയ്പ് നല്‍കാം. ടെറ്റ്‌നസ്, ടോക്‌സോയിട് കുത്തിവെയ്പ് 6 മാസത്തിലൊരിക്കല്‍ നല്‍കണം.
അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആടുകളുടെ വരവ് കേരളത്തില്‍ ആടുവസന്തരോഗം കാണപ്പെടാന്‍ ഇടവരുത്തിയിട്ടുണ്ട്. മോര്‍ബില്ലി ഇനം വൈറസ്സുകളാണ് ആടുവസന്തരോഗമുണ്ടാക്കുന്നത്. ഈ രോഗം Peste de pestis Ruminants (PPR) എന്ന പേരിലും അറിയപ്പെടുന്നു. കാലിവസന്ത വൈറസുമായി സാമ്യമുള്ളവയാണ് ഈ വൈറസുകള്‍. ശക്തിയായ പനി, തീറ്റ തിന്നാതിരിക്കള്‍, വായ്ക്കകത്തും, മോണകളിലും വൃണങ്ങള്‍, ശ്വാസ തടസ്സം, ന്യുമോണിയ, വയറിളക്കം, ശരീരം ക്ഷയിക്കല്‍ എന്നിവ പൊതുരോഗലക്ഷണങ്ങളാണ്. രോഗംമൂലം മരണനിരക്ക് വളരെ കൂടുതലാണ്. രോഗനിയന്ത്രണത്തിനായി ഫലപ്രദമായ വാക്‌സിന്‍ മൃഗസംരക്ഷമവകുപ്പിന്റെ കീഴില്‍ പാലോട് പ്രവര്‍ത്തിക്കുന്ന കഅഒ & ഢആ -യില്‍ നിര്‍മ്മിച്ച് മൃഗാശുപത്രികളില്‍ എത്തിച്ചു വരുന്നു. 6 മാസത്തിനുമേല്‍ പ്രായമുള്ള ആടുകള്‍ക്ക് മൃഗാശുപത്രികള്‍ വഴി സൗജന്യ പ്രതിരോധ കുത്തിവെയ്പ് നല്‍കിവരുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന ആടുകളെ പ്രത്യേകം പാര്‍പ്പിച്ച് നിരീക്ഷിക്കുന്നതും രോഗം ബാധിച്ചവയെ മാറ്റ് പാര്‍പ്പിക്കുന്നതും രോഗനിയന്ത്രണത്തിനുപകരിക്കും. രോഗം മൂലം ചത്ത ആടുകളെ ആഴത്തില്‍ കുഴിച്ചു മൂടി കുമ്മായം വിതരണം. ആട്ടിന്‍ കൂടും പരിസരവും രോഗാണു വിമുക്തമാക്കാന്‍ അണുനാശക ലായനി തളിച്ച് വൃത്തിയാക്കുകയും വേണം.
ആട്ടിന്‍കുട്ടികളില്‍ വളര്‍ച്ചാ നിരക്ക് കൂടുതലായതിനാല്‍ കാത്സ്യം, ഫോസ്ഫറസ്, വിറ്റാമിന്‍ ഉ3 എന്നിവ അടങ്ങിയ ടോണിക്കുകള്‍ നല്‍കണം. മുട്ടനാടുകളെ 3 മാസം പ്രായത്തില്‍ വന്ധ്യംകരണത്തിന് (കാസ്‌ട്രേഷന്) വിധേയമാക്കുന്നത് വളര്‍ച്ചാനിരക്ക് കൂടാന്‍ സഹായിക്കും.
ശാസ്ത്രീയ പരിചരണം
ആടുവളര്‍ത്തലില്‍ ശാസ്‌ക്രീയ പരിചരണം അത്യന്താപേക്ഷിതമാണ്. ആട്ടിന്‍കുട്ടികള്‍ക്ക്, വളര്‍ച്ചയുടെ വിവിധഘട്ടങ്ങളില്‍ ആവശ്യമായ പരിചരണമുറകള്‍ അനുവര്‍ത്തിക്കണം. തണുപ്പുകാലങ്ങളിലും മഴക്കാലത്തും ആടുകളെ വെളിയില്‍ പാര്‍പ്പിക്കരുത്. ആടുകള്‍ എന്നും ഉയര്‍ന്ന സ്ഥലങ്ങളാണ് ഇഷ്ടപ്പെടുന്നത്. പൂപ്പലുള്ളതോ പഴകിയതോ ആയ തീറ്റ ആടുകള്‍ക്ക് നല്‍കരുത്. തീറ്റ 6-8 മണിക്കൂര്‍ നേരം വെയിലത്ത് ഉണക്കി നല്‍കണം. തീറ്റ തണുത്ത കാറ്റടിക്കാതെ അടച്ച മുറിയില്‍ മരപ്പലകയ്ക്കു മുകളില്‍ വയ്ക്കണം. ഇത് ഭിത്തിയോട് ചേരാന്‍ പാടില്ല. നനഞ്ഞ പാത്രങ്ങളുപയോഗിച്ച് തീറ്റയെടുക്കരുത്. തണുത്ത കാലാവസ്ഥയില്‍ തീറ്റയില്‍ വളരുന്ന അസ്പര്‍ജില്ലസ് ഇനം പൂപ്പലുകളാണ് പൂപ്പല്‍ വിഷബാധയുണ്ടാക്കുന്നത്.
തണുപ്പുകാലത്ത് ഉപാപചയ നിരക്ക് കൂടുതലായതിനാല്‍ തീറ്റ കൂടിയ അളവില്‍ (20%) നല്‍കണം. വേനല്‍ക്കാലത്ത് ഉത്പാദക്ഷമത നിലനിര്‍ത്താനും സ്‌ട്രെസ് ഒഴിവാക്കാനും പ്രത്യേക പരിചരണമുറകള്‍ അവലംബിക്കണം. വിറ്റാമിന്‍ അ -യുടെ ന്യൂനത പരിഹരിക്കാന്‍ തീറ്റപ്പുല്ല്, അസോള എന്നിവ നല്‍കാം. ഇവ ലഭിക്കുന്നില്ലെങ്കില്‍ ഒരു ടീസ്പൂണ്‍ മീനെണ്ണ ദിവസേന നല്‍കണം. പോഷക ന്യൂനത പരിഹരിക്കാന്‍ വിറ്റാമിന്‍-ധാതുലവണ മിശ്രിതം തീറ്റയില്‍ ചേര്‍ത്തു നല്‍കണം. ധാരാളം ശുദ്ധജലം കുടിക്കാന്‍ നല്‍കണം.
ഗര്‍ഭിണികളായ ആടുകളെ മുട്ടനാടുകളുടെ കൂടെ വിടരുത്. ആടുഫാമില്‍ ഗര്‍ഭമലസല്‍ കൂടുതലായി കാണപ്പെടുന്നുണ്ടെങ്കില്‍ വെറ്ററിനറി ഡോക്ടറുടെ ശ്രദ്ധയില്‍ പെടുത്തണം. ബാങ്യപരാദബാധ നിയന്ത്രിക്കാന്‍ പ്രത്യേകം പരിഗണന നല്‍കണം.
പ്രസവിച്ച് രണ്ട് മാസത്തിനകം തന്നെ വീണ്ടും പ്രജനന പ്രക്രിയയ്ക്ക് വിധേയമാക്കണം. ഒരിക്കലും ഒരേ തലമുറയില്‍പ്പെട്ട ആടുകളെ തമ്മില്‍ ഇണ ചേര്‍ക്കരുത്. പ്രസവലക്ഷണങ്ങള്‍ പ്രകടമായിട്ടും പ്രസവിക്കാത്ത ആടുകള്‍ക്ക് വെറ്ററിനറി സര്‍ജന്റെ സേവനം ലഭ്യമാക്കണം.
കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ krishithottam.com ടേതല്ല . വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.