top of page

ട്രൈക്കോഡെർമ:

ട്രൈക്കോഡെർമ:
വിളകളെ ബാധിക്കുന്ന രോഗങ്ങളുടെ നിയന്ത്രണത്തിനും ചെടിയുടെ വളർച്ച പരിപോഷിപ്പിക്കാനും ട്രൈക്കോഡെർ‌മ എന്ന ജീവാണു കുമിൾനാശിനി ഉപയോഗിക്കുന്നു. ട്രൈക്കോഡെർ‌മിൻ, വിറിഡിൻ, ഗ്ലയോടോക്സിൻ തുടങ്ങിയ വിഷങ്ങളും  സെല്ലുലേയ്സ്, പെക്ടിനേസ് തുടങ്ങിയ എൻസൈമുകളും പുറപ്പെടുവിച്ചാണ് ഇവ കുമിളുകളെ നശിപ്പിക്കുന്നത്. രോഗകാരികളായ കുമിളുകളെ തന്തുക്കൾ ഉപയോഗിച്ച് ചുറ്റിവരിയുകയും ചെയ്യും. സസ്യവളർച്ചയെ ഉത്തേജിപ്പിക്കുന്ന ഹോർ‌മോണുകൾ  ഉൽപാദിപ്പിക്കുന്നതിനും ട്രൈക്കോഡെർമ പ്രയോജനപ്പെടും.  ചെടികൾ‌ക്ക് രോഗകാരികളായ കുമിളുകളിൽനിന്നു ദീർഘകാല സംരക്ഷണം നൽകുന്നു. കുരുമുളകിന്റെ ദ്രുതവാട്ടം, ഏലത്തിന്റെ അഴുകൽ, ഇഞ്ചിയുടെ മൃദുചീയൽ, പച്ചക്കറിയിലെ മണ്ണുവഴി ബാധിക്കുന്ന രോഗങ്ങൾ, തണ്ട് അഴുകൽ, ഇലപ്പുള്ളി തുടങ്ങിയവയ്ക്കെല്ലാമെതിരെ ട്രൈക്കോഡെർമ ഫലപ്രദമാണ്. വംശവർധന നടത്തിയ ശേഷമാണ് ഈ മിത്രകുമിളിനെ മണ്ണിൽ ചേർക്കുന്നത്. വംശവർധന നടത്തുന്ന വിധം: പത്തു കിലോ വേപ്പിൻപിണ്ണാക്ക് പൊടിച്ച് 90 കിലോ ചാണകപ്പൊടിയുമായി ചേർത്തിളക്കുക. ഇതിലേക്ക് ഒന്നുരണ്ടു കിലോ ട്രൈക്കോഡെർമ ജീവാണുകുമിൾനാശിനി കൂട്ടിയിളക്കുക. വെള്ളം തളിച്ച് ചെറിയ നനവ് ഉറപ്പുവരുത്തിയശേഷം ഒരടി പൊക്കത്തിൽ മിശ്രിതം കൂട്ടിവയ്ക്കുക. നനവുള്ള ചണച്ചാക്കുകൊണ്ട് മൂടിവയ്ക്കണം. അഞ്ചു ദിവസത്തിനുശേഷം മിശ്രിതം നന്നായിളക്കി നനവുള്ള ചാക്കുകൊണ്ട് വീണ്ടും മൂന്നുനാലു ദിവസം മൂടിവയ്ക്കുക. ഒരാഴ്ച കഴിയുമ്പോഴേക്കും ട്രൈക്കോഡെർ‌മ വളർന്നതു കാണാം. പച്ചരേണുക്കളും വെള്ളപൂപ്പലുംകൊണ്ട് മിശ്രിതം നിറഞ്ഞിരിക്കും. ഇത് വിദഗ്ധ നിർദേശാനുസരണം വിളയ്ക്കു തടത്തിൽ നൽകാം. ട്രൈക്കോഡെർമ മിശ്രിതം തെങ്ങ്, കമുക്, പ്ലാവ്, റബർ എന്നീ വിളകൾക്ക് 10–15  കിലോ വീതവും കുരുമുളക്, ഏലം എന്നിവയ്ക്ക് 5–10 കിലോ വീതവും ഇഞ്ചി, മഞ്ഞൾ, പയറുവർഗങ്ങൾ, പച്ചക്കറികൾ എന്നിവയ്ക്ക് നടുന്ന തടത്തിൽ 25 ഗ്രാം വീതവും ചേർത്ത് നൽകാവുന്നതാണ്.ഓർക്കിഡ്, ആന്തൂറിയം മുതലായ ചെടികളിൽ വേരുരോഗങ്ങൾ തടയുന്നതിന് പോട്ടിങ് മിശ്രിതം തയാറാക്കുമ്പോൾ, 1:10:90 എന്ന അനുപാതത്തിൽ ട്രൈക്കോഡെർമ, വേപ്പിൻപിണ്ണാക്ക്, ചാണകപ്പൊടി എന്നിവ ചേർ‌ക്കാം. പച്ചക്കറികൾക്ക് നഴ്സറിയിൽ ട്രൈക്കോഡെർമ– ജൈവവള–വേപ്പിൻപിണ്ണാക്ക് മിശ്രിതം ഒരു സെന്റിന് ഒരു കിലോ വീതം ഉപയോഗിക്കാം. കൃഷിയിടത്തിലേക്കാണെങ്കിൽ ഒരു സെന്റിലേക്ക് 100 കിലോ മിശ്രിതം ആവശ്യമാണ്. വെള്ളം കെട്ടിക്കിടക്കുന്ന മണ്ണിലും ഈർപ്പം കുറഞ്ഞ മണ്ണിലും ട്രൈക്കോഡെർമ ഉപയോഗിക്കരുത്. ചാരം കലർന്ന ജൈവവളത്തോടൊപ്പവും ഉപയോഗിക്കരുത്. ട്രൈക്കോഡെർ‌‍മ ഉപയോഗിച്ച് ഒരു മാസത്തിനുശേഷമേ രാസവളപ്രയോഗം നടത്താവൂ.

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ krishithottam.com ടേതല്ല  . വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Karshakan

Pachakkari Krishit

KTG

Krishithottam

Malayalam
bottom of page